Sauditimesonline

KELI AI
പ്രവാസികളെ തഴഞ്ഞു; സംസ്ഥാന ബജറ്റിനെതിരെ 'കേളി'

കേരളത്തെ ‘ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി’യാക്കുന്ന ബജറ്റ് പ്രവാസികൾക്ക് ആശ്വാസം: കെഎംസിസി

റിയാദ് : കേരള സമ്പദ്‌വ്യവസ്ഥയെ വെറും ഒരു റെമിറ്റൻസ് ഇക്കോണമിയിൽ നിന്നും ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി’യിലേക്ക് മാറ്റാനുള്ള കേരള സർക്കാരിന്റെ പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പദ്ധതിയെ പ്രവാസികൾ നെഞ്ചേറ്റുമെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി. യു ഡി എഫ് സർക്കാറിന്റെ പ്രഥമ ബജറ്റിനെ സാധാരണക്കാർക്കൊപ്പം പ്രവാസി സമൂഹവും സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ ഉൾപ്പെടുത്തിയ പ്രവാസി ക്ഷേമ പദ്ധതികൾ ആശ്വാസം പകരുന്നതാണെന്നും നാഷണൽ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു. സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ടുള്ള ബജറ്റിൽ മുൻ സർക്കാരിന്റെ കാലത്തുണ്ടാക്കിയ കനത്ത സാമ്പത്തിക ബാധ്യത മറികടക്കാനുള്ള സൂക്ഷ്മമായ നടപടികളാണ് ഉൾപെടുത്തിയിട്ടുള്ളത്. 

ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റും ആഗോള ഹബ്ബുകളും മിഷൻ സമുദ്രയും സ്റ്റാർട്ടപ്പുകളും നോളെഡ്ജ് വാലിയും വഴി പ്രവാസി മലയാളികളുടെ കഠിനാധ്വാനത്തിന്റെ ഫലം നാട്ടിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി വിനിയോഗിക്കാനും, അതിലൂടെ അവർക്ക് സുരക്ഷിതമായ വരുമാനവും നാട്ടിൽ പുതിയ തൊഴിലവസരങ്ങളും ഉറപ്പാക്കാനുമുള്ള നടപടികളെ സഊദി കെഎംസിസി സ്വാഗതം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജനോപകാരപ്രദമായ ബജറ്റ് കൊണ്ടുവരാൻ സാധിച്ച യു ഡി എഫ് സർക്കാരിന്റെ ധീരമായ നടപടികൾ കേരളത്തെ സുശക്തവും സുരക്ഷിതവുമായ സംസ്ഥാനമാക്കി മാറ്റുമെന്നും കെഎംസിസി അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങൾ ആഗ്രഹിച്ച ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. 

പ്രവാസികളെ വെറും പണം അയക്കുന്നവർ മാത്രമായി കാണാതെ സുരക്ഷിതവും സുതാര്യവുമായ വിധത്തിൽ നാട്ടിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ അവരെ നേരിട്ട് പങ്കാളികളാക്കാനുള്ള പദ്ധതികൾ പ്രതീക്ഷ നൽകുന്നതാണ് . സർക്കാർ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് ഫണ്ട് ആയതിനാൽ പ്രവാസികളുടെ നിക്ഷേപം സുരക്ഷിതമായിരിക്കും. വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ബിസിനസ്സ് നിക്ഷേപങ്ങളിൽ പ്രവാസികൾ നേരിടാറുള്ള വെല്ലുവിളികൾ ഇവിടെ പരിഹരിക്കപ്പെടും . വെറും സാമ്പത്തിക നിക്ഷേപം മാത്രമല്ല, ആഗോളതലത്തിൽ പ്രവാസികൾക്ക് വിവിധ മേഖലകളിലുള്ള അറിവും പരിചയസമ്പത്തും സ്വന്തം സംസ്ഥാനമായ കേരളത്തിന്റെ വികസനത്തിനായി പങ്കുവെക്കാനും ഇതുവഴി അവസരം ലഭിക്കുമെന്നത് അഭിമാനകരമാണ് .

പ്രവാസി നിക്ഷേപകർക്ക് ഏകജാലക സംവിധാനം വഴി അതിവേഗം അനുമതികൾ ലഭ്യമാക്കാൻ ‘ഇൻവെസ്റ്റ് കേരള സെൽ’ രൂപീകരിക്കുമെന്ന പ്രഖ്യാപനവും സംഭരകരായ പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസം നൽകുന്നതാണ്. ചുകപ്പ് നാടകളിൽ കുടുങ്ങി കിടക്കുന്ന അപേക്ഷകൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട ഓഫീസുകളിൽ കയറിയിറങ്ങി തളരുന്ന പ്രവാസി സംരംഭകർക്ക് ഈ സംവിധാനം ഏറെ ഉപകാരപദമാവും.

മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലകളെ കുറിച്ച് പഠിക്കാനും, അതിനനുസരിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാനും ‘ഗ്ലോബൽ ജോബ് വാച്ച് ടവർ ആരംഭിക്കുമെന്നത് വിദേശ തൊഴിൽ സ്വപ്നം കാണുന്നവർക്ക് ഏറെ ഗുണം ചെയ്യും. വിദേശ തൊഴിൽ വിപണികളുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള സ്കിൽ ട്രെയിനിംഗ് പദ്ധതികൾ നടപ്പാക്കുകയും അതുവഴി പുതുതായി തൊഴിൽ തേടി പോകുന്നവർക്ക് .ഉയർന്ന വേതനമുള്ള തൊഴിൽ അവസരങ്ങൾ ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. 

നിലവിലുള്ള പ്രവാസി ക്ഷേമപദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും തിരിച്ചെത്തിയ പ്രവാസികൾക്കും വിദേശത്തുള്ളവർക്കും കൂടുതൽ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന നടപടികൾ ഉണ്ടാകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട് .മടങ്ങിയെത്തുന്ന പ്രവാസികൾക്ക് അനുയോജ്യമായ വായ്പ സൗകര്യം, നോർക്ക വഴിയുള്ള പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി വ്യവസായിക പാർക്കുകൾ, സാന്ത്വന പദ്ധതിതുടങ്ങി നിരവധി പദ്ധതികൾ പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതാണ്. 

 ഇത്തരം ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾക്ക് പ്രവാസി സമൂഹത്തിന്റെ ശക്തമായ പിന്തുണയുണ്ടാകുമെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്‌കുട്ടി. കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top