
റിയാദ്: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തെ പൂര്‍ണമായും അവഗണിച്ച സംസ്ഥാന ബജറ്റിനെതിരെ റിയാദിലെ കേളി കലാസാംസ്‌കാരിക വേദി പ്രതിഷേധിച്ചു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് കോടി രൂപ നാട്ടിലേക്കയച്ച് സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നവരോടാണ് അവഗണന. പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരംഭങ്ങള്‍, സാമൂഹ്യ സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ ബജറ്റില്‍ പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേളി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ വികസനത്തിലും ആഭ്യന്തര വിപണിയിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികളെ വെറും വിദേശനാണ്യ വരുമാന സ്രോതസ്സായി മാത്രം കാണുന്ന സമീപനമാണ് ബജറ്റിലുള്ളത്. പ്രവാസി ക്ഷേമനിധി, പെന്‍ഷന്‍, മടങ്ങിയെത്തുന്നവരുടെ പുനരധിവാസം, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങളുടെ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ബജറ്റിലെ മൗനം ആശങ്കാജനകമാണ്. പ്രവാസികളുടെ ആശ്രയകേന്ദ്രമായ നോര്‍ക്കയ്ക്ക് മതിയായ സാമ്പത്തിക പിന്തുണയോ പുതിയ പദ്ധതികളോ പ്രഖ്യാപിച്ചിട്ടില്ല. ലോക കേരള സഭ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെക്കുറിച്ചും ബജറ്റില്‍ വ്യക്തതയില്ലെന്ന് കേളി കുറ്റപ്പെടുത്തി.

കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സമാനതകളില്ലാത്ത സംഭാവന നല്‍കുന്ന പ്രവാസി സമൂഹത്തോടുള്ള ഈ നിലപാട് തിരുത്തണം. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പ്രവാസി വികാരം ഉള്‍ക്കൊണ്ട് ബജറ്റില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






