Sauditimesonline

KELI AI
പ്രവാസികളെ തഴഞ്ഞു; സംസ്ഥാന ബജറ്റിനെതിരെ 'കേളി'

വികസനത്തിനൊപ്പം കരുതലും; കന്നി ബജറ്റില്‍ പ്രതീക്ഷയെന്ന് റിയാദ് ഒഐസിസി

റിയാദ്: വികസനക്കുതിപ്പിനൊപ്പം സാധാരണക്കാരന് കരുതലും സമ്മാനിക്കുന്നതാണ് വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റെന്ന് റിയാദ് ഒഐസിസി. പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതും ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതുമായ നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളതെന്ന് ഒഐസിസി നേതൃത്വം പ്രസ്താവനയില്‍ വിലയിരുത്തി. കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ച് സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് പുത്തനുണര്‍വ് നല്‍കാന്‍ ബജറ്റിന് സാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

പ്രവാസികളെ പണം അയക്കുന്നവരായി മാത്രം കാണാതെ, കേരളത്തെ ഒരു ‘നിക്ഷേപാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ’യായി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ‘പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്’ രൂപീകരിക്കാനുള്ള തീരുമാനം ദീര്‍ഘവീക്ഷണമുള്ളതാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകള്‍, നോര്‍ക്ക വഴിയുള്ള ‘പ്രവാസി ഡിവിഡന്റ് സ്‌കീം’, ‘സാന്ത്വന’ പദ്ധതി എന്നിവ പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമേകും. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന നിക്ഷേപകര്‍ക്കായി ‘പ്രവാസി വ്യാവസായിക പാര്‍ക്കുകള്‍’ ആരംഭിക്കുന്നത് പുതിയ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കും.

വിദേശ തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ 2 കോടി രൂപ വകയിരുത്തി ‘ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍’ സ്ഥാപിക്കാനുള്ള തീരുമാനത്തെയും സംഘടന അഭിനന്ദിച്ചു. പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന നാല് വിമാനത്താവളങ്ങളുടെ ഏകോപിത വികസനത്തിനും ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബിനുമായി 200 കോടി രൂപ അനുവദിച്ചത് വിമാനയാത്രാ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ തുകയിലും ചികിത്സാ സഹായത്തിലും വരുത്തിയ വര്‍ധനവും ഏറെ സ്വാഗതാര്‍ഹമാണ്.

സാധാരണക്കാരുടെ ജീവിതഭാരം കുറയ്ക്കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 25 ലക്ഷം രൂപ വരെ ചികിത്സാ സഹായം ഉറപ്പാക്കുന്ന ‘ഉമ്മന്‍ ചാണ്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം’ ആരോഗ്യമേഖലയിലെ വിപ്ലവകരമായ ചുവടുവയ്പ്പാണ്. കാര്‍ഷിക മേഖലയില്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. സപ്ലൈകോ വഴി വിലക്കയറ്റം നിയന്ത്രിക്കാനും ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കാനുമുള്ള നടപടികള്‍ സാധാരണക്കാരുടെ ജീവിതത്തിന് വലിയ താങ്ങാവും. സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും പൊതുഗതാഗത സൗജന്യ യാത്ര, കെ.എസ്.ആര്‍.ടി.സിയുടെ വികസനത്തിനായുള്ള പ്രത്യേക ഫണ്ട് എന്നിവയും ബജറ്റിന്റെ തിളക്കം കൂട്ടുന്നു.

കേരളത്തിന്റെ വികസന യാത്രയില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായും സുതാര്യമായും നടപ്പിലാക്കുമെന്ന വിശ്വാസമുണ്ടെന്നും റിയാദ് ഒഐസിസി പ്രസിഡന്റ് സലീം കളക്കര, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി എന്നിവര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top