
റിയാദ്: സൗദി അറേബ്യയുടെ മാനവ വിഭവശേഷി കുതിപ്പിലും സ്വദേശിവല്‍ക്കരണ പദ്ധതികളിലും നിര്‍ണായക പങ്കുവഹിച്ച ലുലു ഗ്രൂപ്പിന് ഭരണകൂടത്തിന്റെ ആദരം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളുടെ ശാക്തീകരണ ഫോറത്തിന്റെ സമാപന ചടങ്ങില്‍ പദ്ധതിയുടെ പ്രധാന വിജയശില്‍പിയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ ആദരിച്ചു.

റിയാദില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സോഷ്യല്‍ ഡെവലപ്‌മെന്റ് ഡെപ്യൂട്ടി മിനിസ്റ്റര്‍ ബദര്‍ ബിന്‍ ഇബ്രാഹിം അല്‍ സുബൈലമില്‍ നിന്ന് ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ലുലു എച്ച്.ആര്‍ ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് ജനറല്‍ മാനേജര്‍ അബ്ദുള്ള ഹമദ് അല്‍ ഖബ്ബാബിനാഹ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടപ്പിലാക്കിയ ദേശീയ വികസന പദ്ധതികളെ ആദരിക്കുന്നതിനാണ് മന്ത്രാലയം ചടങ്ങ് സംഘടിപ്പിച്ചത്. സാമൂഹിക സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള സ്വദേശികള്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, മികച്ച തൊഴിലധിഷ്ഠിത പരിശീലനം നല്‍കി അവരെ ദീര്‍ഘകാല സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനും ലുലു ഗ്രൂപ്പ് നടപ്പിലാക്കിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ മന്ത്രാലയം പ്രശംസിച്ചു.

ലുലുവിന് ലഭിച്ച നേട്ടം ഏറെ അഭിമാനം നല്‍കുന്നതാണെന്ന് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പ്രതികരിച്ചു. സൗദിയിലുടനീളം സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതാണ് അംഗീകാരം. സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ലുലുവിന്റെ ഓരോ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകുന്നത്. സ്വദേശി യുവാക്കള്‍ക്ക് ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ സജീവ പങ്കാളികളാകാന്‍ സഹായിക്കുന്ന സമഗ്രമായ അവസരങ്ങള്‍ ഒരുക്കാന്‍ ലുലു എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






