നസ്‌റുദ്ദീന്‍ വി ജെ

സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക എന്നത് സന്തോഷകരമാണ്. കഠിനമായ ടെസ്റ്റുകള്‍ പാസ്സായി ലൈസന്‍സ് കൈയില്‍ കിട്ടുമ്പോള്‍ സന്തോഷം ഫേസ്ബുക്കിലോ, വാട്ട്‌സ്ആപ്പിലോ, ഇന്‍സ്റ്റാഗ്രാമിലോ പങ്കുവെക്കുക എന്നത് പലരുടെയും പതിവാണ്. എന്നാല്‍, ഒരു നിമിഷത്തെ ആവേശം ലക്ഷക്കണക്കിന് റിയാല്‍ പിഴയും വര്‍ഷങ്ങള്‍ നീണ്ട തടവുശിക്ഷയും ലഭിക്കാവുന്ന വലിയൊരു നിയമക്കുരുക്കിലേക്ക് എത്തിച്ചേക്കാം.

സൗദി ട്രാഫിക് ഡയറക്ടറേറ്റും സൈബര്‍ സുരക്ഷാ വിഭാഗവും നല്‍കുന്ന കര്‍ശന മുന്നറിയിപ്പുകള്‍ പ്രകാരം, ഔദ്യോഗിക രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുന്നത് ഗുരുതര നിയമലംഘനമാണ്.
ഡ്രൈവിംഗ് ലൈസന്‍സ്, ഇഖാമ എന്നിവയിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. വ്യക്തിഗത വിവരങ്ങള്‍ ചോരാനുളള സാധ്യത പരിഗണിച്ചാണ് രഹസ്യമായി സൂക്ഷിക്കണം എന്ന നിര്‍ദേശം. പേര്, ഐഡി നമ്പര്‍, ജനനത്തീയതി എന്നിവ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളോ രേഖകളോ ഉണ്ടാക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ഒരുക്കാതിരിക്കാനാണ് കര്‍ശന നിര്‍ദേശം. ലൈസന്‍സിലുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഒരാളുടെ അബ്ഷീര്‍ ഡാറ്റയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞേക്കും.
സൈബര്‍ നിയമവും ശിക്ഷകളും
സൗദി ആന്റിസൈബര്‍ ക്രൈം നിയമപ്രകാരം ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാണ്. (Royal Decree No. M/17) പ്രധാനമായും രണ്ട് വകുപ്പുകളാണ് ഇതില്‍ ബാധകമാകുന്നത്:
(1) വ്യക്തിഗത സ്വകാര്യത ലംഘനം (Article 3)
ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെയോ സ്വന്തമായോ ഔദ്യോഗിക വിവരങ്ങള്‍ പരസ്യപ്പെടുത്തി സ്വകാര്യത ലംഘിക്കുന്നത് ഈ വകുപ്പിന്റെ പരിധിയില്‍ വരും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവോ, 5 ലക്ഷം റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാം.
(2) വിവരങ്ങള്‍ ചോര്‍ത്തല്‍ (Article 5)
അബ്ഷീര്‍ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുള്ള ഔദ്യോഗിക രേഖകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. 4 വര്‍ഷം വരെ തടവോ, 30 ലക്ഷം റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

കൂടാതെ സൗദിയിലെ പുതിയ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ലോ പ്രകാരവും വ്യക്തിഗത വിവരങ്ങളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്.
‘സുരക്ഷിത’മായി സന്തോഷം പങ്കുവെക്കാം
ലൈസന്‍സ് കിട്ടിയ സന്തോഷം സുഹൃത്തുക്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്.
ഡ്രൈവിംഗ് ലൈസന്‍സ്, ഇഖാമ എന്നിവയുടെ സ്‌ക്രീന്‍ഷോട്, ഫോട്ടോ എന്നിവ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അതിലെ പേര്, ഫോട്ടോ, ഐഡി നമ്പര്‍, ലൈസന്‍സ് നമ്പര്‍, പ്രത്യേകിച്ച് ക്യുആര്‍ കോഡ് എന്നിവ തിരിച്ചറിയാന്‍ കഴിയാത്തവിധം ബ്ലര്‍ ചെയ്യുകയോ കറുത്ത നിറം നല്‍കി മറയ്ക്കുകയോ ചെയ്യുക.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






