Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

‘ഓപ്പറേഷന്‍ തുഫാന്’ ഐക്യദാര്‍ഢ്യം; വീര്യം കുറഞ്ഞ മദ്യവിതരണം അനുവദിക്കരുത്

അഫ്‌സല്‍ കായംകുളം

ഹായില്‍: കേരള സര്‍ക്കാരും ആഭ്യന്തര വകുപ്പും പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ ‘ഓപ്പറേഷന്‍ തുഫാന്’ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഹായില്‍ റീജിയന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പ്രവാസലോകത്തും ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.

അറഫാ ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടി മുനീര്‍ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ കായംകുളം വിഷയം അവതരിപ്പിച്ചു. മലയാളികള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവതലമുറയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതുവരെ ‘ഓപ്പറേഷന്‍ തുഫാന്‍’ ക്യാമ്പയിന്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് സദസ്സ് ആവശ്യപ്പെട്ടു. പ്രവാസലോകത്തെ യുവജന പ്രസ്ഥാനമെന്ന നിലയില്‍ ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും ഐസിഎഫ് പ്രഖ്യാപിച്ചു.

അതേസമയം, വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാനുള്ള കേരള സര്‍ക്കാരിന്റെ പുതിയ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസലോകത്ത് മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി, മദ്യം, പലിശ ഇടപാടുകള്‍ എന്നിവയ്‌ക്കെതിരെ പ്രവാസി സംഘടനകളെ കോര്‍ത്തിണക്കി സംയുക്ത ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പലിശക്കെണിയിലും ലഹരിക്കേസുകളിലും ഗള്‍ഫിലെ വിവിധ ജയിലുകളില്‍ കഴിയേണ്ടി വരുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങള്‍ക്കെതിരെ രണ്ട് പ്രധാന പ്രതിഷേധ പ്രമേയങ്ങള്‍ സദസ്സില്‍ അവതരിപ്പിച്ചു. പാസ്‌പോര്‍ട്ട് പൗരത്വ രേഖയായി അംഗീകരിക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെയുള്ള പ്രമേയം ഹസന്‍ സഖാഫി ആറാട്ടുപുഴയും, പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനുമുള്ള ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന പ്രമേയം ആര്‍എസ്‌സി ചെയര്‍മാന്‍ ഷാജഹാന്‍ അസ്ലമിയും അവതരിപ്പിച്ചു. ഫീസ് വര്‍ദ്ധന സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റുകളെ സാരമായി ബാധിക്കുമെന്ന് പ്രമേയം ഓര്‍മ്മിപ്പിച്ചു.

ഐസിഎഫ് ഹായില്‍ റീജിയന്‍ പ്രസിഡന്റ് ബഷീര്‍ സഅദി കിന്നിങ്ങര്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി പ്രതിനിധി ബാപ്പു എസ്‌റ്റേറ്റ് മുക്ക്, ഒഐസിസി പ്രതിനിധി ഹൈദര്‍ അലി ഖാസിം, െ്രെഡവേഴ്‌സ് കൂട്ടായ്മ പ്രതിനിധി സത്താര്‍ പുന്നാട്, മര്‍ക്കസ് പ്രതിനിധി ബഷീര്‍ നൂറാനി ജിദ്ദ, റഹീം തിരൂര്‍, ഹമീദ് വയനാട്, ഷാജി താമരശ്ശേരി, ഷാജി മാന്നാര്‍, അന്‍വര്‍ അമാന, ഹാഷിം റഹ്മാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹമീദ് സഖാഫി കാടാച്ചിറ ചര്‍ച്ച നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം സഅദി ഒറ്റപ്പാലം സ്വാഗതവും നൗഫല്‍ പറക്കുന്ന് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top