
റിയാദ്: ദക്ഷിണ സൗദിയിലെ പര്‍വതനിരകള്‍ക്കിടയിലുള്ള ‘ഹസ്‌വ മാംഗോ ഫാം’ മാമ്പഴ കൃഷിയില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിടുന്നു. പച്ചപ്പാര്‍ന്ന താഴ്‌വരകള്‍ക്കും തട്ടുതട്ടുകളായുള്ള കുന്നിന്‍ചരിവുകള്‍ക്കും നടുവിലാണ് തോട്ടം. വിളവിന്റെ ഗുണനിലവാരം ഉയര്‍ത്താനും ജലസംരക്ഷണം ഉറപ്പാക്കാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കൃത്രിമബുദ്ധിയും അത്യാധുനിക കാര്‍ഷിക ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.

റിജാല്‍ അല്‍മ ഗവര്‍ണറേറ്റില്‍ നിന്നു 80 മിനിറ്റ് യാത്രാദൂരമുള്ള ഹിസ്‌വ ഗ്രാമത്തിലാണ് 20,000 ചതുരശ്ര മീറ്ററര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മാമ്പഴത്തോട്ടം. 150 മാവുകളാണ് ഇവിടെയുള്ളത്. മണ്ണും ജലസ്രോതസ്സുകളും പരിശോധിച്ച് മാമ്പഴ കൃഷിക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ‘അബ്ദുള്ള സാദ് അല്‍സല്‍ഫി ഫാം’ എന്നും അറിയപ്പെടുന്ന മാമ്പഴ കൃഷി സംരംഭത്തിന് 2019ല്‍ തുടക്കമിട്ടത്.

റിജാല്‍ അല്‍മയില്‍ തലമുറകളായി കൃഷി ചെയ്തുവരുന്ന കുടുംബത്തിലെ അംഗമായ ജമാല്‍ അല്‍സല്‍ഫിക്ക് മാമ്പഴ കൃഷിയില്‍ എട്ട് വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. കാര്‍ഷിക മേഖലയില്‍ സുസ്ഥിരതയും നവീകരണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ആധുനിക കൃഷിരീതി പിന്തുടരുന്നത്. കൃത്യമായ കാര്‍ഷിക വിവരങ്ങള്‍ ലഭ്യമാക്കാനും അതുവഴി ജലസേചനം, പോഷകക്കുറവ് കണ്ടെത്തല്‍, കീടങ്ങളുടെയും ഫംഗസ് ബാധകളുടെയും മുന്‍കൂട്ടിയുള്ള തിരിച്ചറിവ് എന്നിവയില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാനുമാണ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മാവുകളുടെ പൂവിടലിനെയും ഉല്‍പ്പാദനത്തെയും നേരിട്ട് ബാധിക്കുന്നതിനാല്‍, ജലസേചനത്തിനുള്ള കൃത്യമായ സമയം കണ്ടെത്തുക എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകളുടെ വരവോടെ ജലസേചന നിയന്ത്രണം എളുപ്പമാവുകയും വിളവിന്റെ ഗുണനിലവാരം വര്‍ദ്ധിക്കുകയും ചെയ്തു.

മണ്ണിലെ ഈര്‍പ്പം അളക്കുന്ന സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങളും പ്രത്യേക ലെന്‍സുകള്‍ ഉപയോഗിച്ച് മാവിലകളുടെ ചിത്രങ്ങള്‍ പകര്‍ത്തി നടത്തുന്ന എഐ വിശകലനവുമാണ് സിസ്റ്റത്തിന്റെ പ്രധാന സവിശേഷത. ഈര്‍പ്പത്തിന്റെ അളവ് പരിശോധിച്ച് രണ്ട്, മൂന്ന് അല്ലെങ്കില്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നനയ്ക്കണോ എന്ന് സിസ്റ്റം തന്നെ തീരുമാനിക്കും. ഇലകളുടെ ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ പോഷകക്കുറവ്, കീടബാധ, ഫംഗസ് രോഗങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്ടെത്താനും കൃത്യമായ സമയത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സാധിക്കുന്നുണ്ട്. ഇന്റലിജന്റ് സോയില്‍ ഡിറ്റക്ടര്‍, പ്ലാന്റ് ഇന്‍സ്‌പെക്ഷന്‍ മാഗ്‌നിഫയര്‍, ജലത്തിലെ ലവണാംശം അളക്കുന്നതിനുള്ള ടിഡിഎസ് മീറ്റര്‍, കാറ്റിന്റെ വേഗത അറിയാനുള്ള അനിമോമീറ്റര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളാണ് ഫാമില്‍ സജ്ജീകരിച്ചിരിക്കുന്നത്.
മണ്ണിലെ ഈര്‍പ്പവും വെള്ളത്തിലെ ലവണാംശവും പോഷകങ്ങളുടെ അളവും നിരന്തരമായി ഇവിടെ നിരീക്ഷിക്കാറുണ്ട്. മാവുകള്‍ക്ക് ചുറ്റുമുള്ള മണ്ണില്‍ 50 മുതല്‍ 60 ശതമാനം വരെ ഈര്‍പ്പവും ജലസേചനത്തിനുള്ള വെള്ളത്തില്‍ ലവണാംശം 850 പിപിഎമ്മില്‍ താഴെയുമായിരിക്കുന്നതാണ് അനുയോജ്യം. ഈര്‍പ്പം 70 ശതമാനത്തിന് മുകളിലായാല്‍ നനയ്ക്കുന്നതിന്റെ ഇടവേള വര്‍ദ്ധിപ്പിക്കുകയും 30 ശതമാനത്തില്‍ താഴെയായാല്‍ ഇടവേള കുറയ്ക്കുകയും ചെയ്യും. ലവണാംശം കൂടുമ്പോള്‍ വേരുകള്‍ക്ക് ചുറ്റുമുള്ള ഉപ്പ് കഴുകിക്കളയാന്‍ മഴവെള്ളമാണ് ഉപയോഗിക്കുന്നത്. കൂടാതെ മാവുകളുടെ വളര്‍ച്ചയ്ക്കും മികച്ച ഉല്‍പ്പാദനത്തിനുമായി എല്ലാ വര്‍ഷവും ജനുവരിയില്‍ ജൈവവള പ്രയോഗവും നടത്തുന്നുണ്ട്.
റിജാല്‍ അല്‍മ ഗവര്‍ണറേറ്റിലെ ഉഷ്ണമേഖലാ കാലാവസ്ഥയും മിതമായ താപനിലയും വര്‍ഷത്തില്‍ ഭൂരിഭാഗവും ലഭിക്കുന്ന മഴയും ഫലഭൂയിഷ്ഠമായ മണ്ണുമെല്ലാം കൃഷിക്ക് അനുകൂല ഘടകങ്ങളാണ്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലത്ത് മാവുകള്‍ പൂര്‍ണ്ണമായും മഴവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഈ സമയത്ത് പ്രത്യേകമായി നനയ്‌ക്കേണ്ടി വരാറില്ല. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്ത് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് നനയ്ക്കുക. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള വരണ്ട മാസങ്ങളില്‍ മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് നോക്കി 3 മുതല്‍ 5 ദിവസത്തെ ഇടവേളകളില്‍ ജലസേചനം നടത്തുന്നു. പ്ലാന്റിക്‌സ്, അഗ്രിയോ, പിക്ചര്‍ദിസ് തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് രോഗനിര്‍ണ്ണയവും സാങ്കേതിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കലും നടത്തുന്നത്. കൂടാതെ ഔദ്യോഗിക കാര്‍ഷിക നിര്‍ദ്ദേശങ്ങളും പ്രായോഗിക പരിചയവും ചേര്‍ത്താണ് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത്. ഫാമിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി സ്വന്തം എഐ ആപ്ലിക്കേഷനും ഫാം ഉടമകള്‍ വികസിപ്പിക്കുന്നുണ്ട്.
എഐ അധിഷ്ഠിത ജലസേചന രീതിയിലൂടെ 2026ലെ സീസണില്‍ 98 ശതമാനത്തിലധികം മാവുകളും പൂവിട്ടു. മുന്‍ വര്‍ഷങ്ങളില്‍ മണ്ണിലെ അമിത ഈര്‍പ്പം കാരണം ഫെബ്രുവരിയിലാണ് പൂവിട്ടിരുന്നത്. എന്നാല്‍ ഇത്തവണ 2025 ഡിസംബര്‍ പകുതിയോടെ തന്നെ പൂവിടാന്‍ തുടങ്ങി. കൃത്യമായ ജലസേചനം വഴി ജലഉപഭോഗം 50 ശതമാനം കുറയ്ക്കാനും മാവുകളുടെ ആരോഗ്യത്തെ ബാധിക്കാതെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. എഐ സാങ്കേതികവിദ്യ വഴി കീടബാധകള്‍ നേരത്തെ കണ്ടെത്തിയത് ഉല്‍പ്പാദനത്തില്‍ 40 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടാക്കി. സീസണ്‍ അവസാനിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ നിലവില്‍ 5 ടണ്‍ മാമ്പഴമാണ് ഫാമില്‍ നിന്ന് ഉത്പാദിപ്പിച്ചത്. സാധാരണയായി ഇവിടെ നാല് ടണ്ണാണ് വാര്‍ഷിക ഉല്‍പ്പാദനം. ടോമി അറ്റ്കിന്‍സ്, ആംഗ്ര, സിന്ധ്രി, ഗ്ലെന്‍ തുടങ്ങിയ ഇനങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ടെങ്കിലും 70 ശതമാനവും ടോമി അറ്റ്കിന്‍സ് ഇനത്തില്‍പ്പെട്ട മാവുകളാണ്.
വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിനൊപ്പം തൈകളുടെ അതിജീവന നിരക്ക് ഉയര്‍ത്താനും ജൈവവള പ്രയോഗത്തിലൂടെഫലഭൂയിഷ്ഠമായ മണ്ണ് നിലനിര്‍ത്താനും കൃഷിയിടത്തിനായിട്ടുണ്ട്. വേനല്‍ക്കാലത്ത് ഗുണനിലവാര പരിശോധനയ്ക്ക് ശേഷം സമീപത്തെ കിണറ്റിലെ വെള്ളവും ജലസേചനത്തിനായി ഉപയോഗിക്കുന്നുണ്ട്. സൗദി അറേബ്യയിലെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് മാതൃകയാക്കാവുന്ന തരത്തില്‍ സ്മാര്‍ട്ട് അഗ്രികള്‍ച്ചറിന്റെ ഉത്തമ ഉദാഹരണമായി മാമ്പഴത്തോട്ടം മാറിക്കഴിഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






