
റിയാദ്: ആഗോള കാലാവസ്ഥയില്‍ വന്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ‘എല്‍ നിനോ’ പ്രതിഭാസം കൂടുതല്‍ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നതായി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് വരും സീസണുകളില്‍ താപനിലയിലും മഴയുടെ ലഭ്യതയിലും വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നും അതോറിറ്റി വ്യക്തമാക്കി.
സമുദ്രോപരിതലത്തിലെ താപനില സൂചിക ‘നിനോ 3.4’ ഉയര്‍ന്ന പരിധിയായ 0.8 ഡിഗ്രി സെല്‍ഷ്യസും കടന്ന് +1.25 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിനില്‍ക്കുകയാണ്. ഇത് കടുത്ത എല്‍ നിനോ പ്രതിഭാസത്തിന്റെ വ്യക്തമായ ലക്ഷണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് കാലാവസ്ഥാ വ്യതിയാനം അടുത്ത വര്‍ഷം തുടക്കം വരെ നീണ്ടുനില്‍ക്കും. പെട്ടെന്നുണ്ടാകാവുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടാന്‍ മുന്‍കൂട്ടി സുരക്ഷാ നടപടികളും ജാഗ്രതയും സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിലുണ്ടാകുന്ന അസാധാരണമായ ചൂടുപിടിക്കലാണ് എല്‍ നിനോ പ്രതിഭാസത്തിന് കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ അളവ്, കാറ്റിന്റെ ഗതി, അന്തരീക്ഷ താപനില എന്നിവയില്‍ ഇത് കടുത്ത വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു. മഴയുടെ ഗതിമാറ്റത്തിനും വരും മാസങ്ങളില്‍ സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത ചൂടിനും ഇത് കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടാന്‍ ജനങ്ങള്‍ സജ്ജമായിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






