
ദമ്മാം: സൗദി മലയാളി സമാജം ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ‘പ്രവാസ മുദ്ര പുരസ്കാരം 2026’ പ്രശസ്ത എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവിന് സമ്മാനിക്കും. പ്രവാസ സാഹിത്യരംഗത്തെ കഥ, കവിത, നോവല്‍, സഞ്ചാരസാഹിത്യം, സിനിമ തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഒക്ടോബര്‍ 31ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പുരസ്കാരം കൈമാറും.

ഒരു മാസം നീളുന്ന ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 9ന് നടക്കുന്ന കാവ്യോത്സവത്തില്‍ പ്രശസ്ത നടന് ഇര്‍ഷാദ് അലി മുഖ്യാതിഥിയാകും. പ്രവാസി കവികളുമായുള്ള മുഖാമുഖം, കവിതാസ്വാദന സദസ്സ്, കാവ്യസമാഹാര പവിലിയന്, ഇര്‍ഷാദ് അലിയുടെ ‘പൂക്കാതിരിക്കാന്‍ എനിക്കാവാതില്ലേ’ കവിതാലാപനം എന്നിവ കാവ്യോത്സവത്തിന് മാറ്റുകൂട്ടും.

ഒക്ടോബര്‍ 16ന് നടക്കുന്ന ആര്‍ട്ട് ഫെസ്റ്റില്‍ എഴുത്തുകാരനും ചിത്രകാരനുമായ മുക്താര്‍ ഉദരംപൊയില്‍ മുഖ്യാതിഥിയാകും. ‘മലയാള സാഹിത്യം’ എന്ന വിഷയത്തില്‍ തത്സമയ ചിത്രരചന, പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മത്സരങ്ങള്‍, ‘വരയിടം’ എന്നിവയും സംഘടിപ്പിക്കും. ജിസിസി തലത്തില്‍ സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും സമാപന വേദിയില്‍ വിതരണം ചെയ്യുമെന്ന് സമാജം ഭാരവാഹികളായ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, സാജിദ് ആറാട്ടുപുഴ, ഡോ. സിന്ധു ബിനു, ഫബിന നജ്മുസമാന്‍, ഷനീബ് അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






