
ജിദ്ദ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സര്‍ഗാത്മകതയും ദേശസ്നേഹവും ഒരേ വേദിയില്‍ സംഗമിക്കുന്ന മത്സരങ്ങളില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കാളികളാകാം. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047ല്‍ ഭാരതത്തെ എങ്ങനെ സ്വപ്നം കാണുന്നുവെന്ന് വര്‍ണങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള അപൂര്‍വ അവസരമാണ് ‘വികസിത് ഭാരത് 2047’ ചിത്രരചനാ മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://qr.codes/8Y0xMQ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

ഇന്ത്യയുടെ സംസ്കാരം, വൈവിധ്യം, പാരമ്പര്യം, പ്രകൃതിഭംഗി, ജനജീവിതം, ദൈനംദിന നിമിഷങ്ങള്‍ എന്നിവ ക്യാമറയില്‍ പകര്‍ത്തി അയക്കാനായി ‘ഇന്ത്യ ത്രൂ മൈ ലെന്‍സ്’ എന്ന പേരില്‍ ഫോട്ടോഗ്രാഫി മത്സരവും ഒരുക്കിയിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ https://bit.ly/4fyQy3J എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ചിത്രരചന, ഫോട്ടോഗ്രാഫി മത്സരങ്ങളിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ആണ്.

ഇതിനുപുറമെ, ഇന്ത്യയെ അറിയാന്‍ എന്ന പേരില്‍ 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ക്വിസ് മത്സരത്തിലും പ്രവാസികള്‍ക്ക് പങ്കെടുക്കാം. bkjquiz.com എന്ന ലിങ്ക് വഴി ഓഗസ്റ്റ് 14 വരെ ക്വിസില്‍ പങ്കെടുക്കാം. ഒന്നിലധികം തവണ ശ്രമിക്കാന്‍ അവസരമുള്ള മത്സരത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ bit.ly/4wCri2q എന്ന ലിങ്ക് വഴിയാണ് സമര്‍പ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും കോണ്‍സുലേറ്റില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പ്രദര്‍ശിപ്പിക്കും. വിജയികള്‍ക്ക് ഉപഹാരങ്ങളും സമ്മാനിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






