
റിയാദ്: ഇന്ത്യയുടെ എണ്‍പതാം സ്വാതന്ത്ര്യദിനം റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ആവേശപൂര്‍വം ആഘോഷിച്ചു. റിയാദിലെ മലയാളി സമൂഹം ഉള്‍പ്പെടെ0 പ്രവാസികള്‍, മാധ്യമപ്രവര്‍ത്തകര്‍, സൗദി പൗരന്മാര്‍ എന്നിവരടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ‘വന്ദേമാതരം’ ആലപിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്. അംബാസഡര്‍ വിപുല്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയഗാനം ആലപിച്ചു. എംബസിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ അംബാസഡര്‍, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ശക്തവും വിശാലവുമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അംബാസഡര്‍ വിപുല്‍ വിശദീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസി ഭാരതീയര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

‘വന്ദേമാതരം’ ദേശീയഗാനത്തിന്റെ 150-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ദേശഭക്തി ഗാനങ്ങളും ക്ലാസിക്കല്‍ നൃത്തനൃത്യങ്ങളും അരങ്ങേറി. പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും ‘ഭാരത് കോ ജാനിയെ ക്വിസ്’ മത്സര വിജയികള്‍ക്കും അംബാസഡര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

സൂര്യന്റെ സഞ്ചാരപഥത്തിന് അനുസരിച്ച് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ എംബസികളില്‍ പതാക ഉയര്‍ത്തുന്ന ‘സൂര്യപഥ് തിരംഗ’ പദ്ധതിയുടെ ഭാഗമായാണ് റിയാദിലും ചടങ്ങുകള്‍ നടന്നത്. ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരുടെ പരസ്പരബന്ധവും ദേശസ്‌നേഹവും പ്രകടമാക്കുന്ന പരിപാടിയാണ് അരങ്ങേറിയത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






