
റിയാദ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ലുലു ഇന്ത്യ ഉത്സവി’ന് തുടക്കം. റിയാദ് മുറബ്ബ അവന്യൂ മാള്‍ ലുലുവില്‍ നടന്ന ചടങ്ങില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനവും അംബാസഡര്‍ നിര്‍വ്വഹിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ നെമില്‍ നസീര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പരമ്പരാഗത ഇന്ത്യന്‍ നൃത്തങ്ങള്‍, ഡ്രംസ് ബാന്‍ഡ് മേളം, സാംസ്‌കാരിക പരിപാടികള്‍ എന്നിവ അരങ്ങേറി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യ, സൗഹൃദ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന് അംബാസഡര്‍ പറഞ്ഞു. വ്യത്യസ്ത സംസ്‌കാരങ്ങളെയും ഭക്ഷണരീതികളെയും സമന്വയിപ്പിച്ച് വ്യാപാര പങ്കാളിത്തത്തിന് പുതിയ വാതായനങ്ങള്‍ തുറക്കുന്ന ലുലുവിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ആഗസ്റ്റ് 18 വരെ നീളുന്ന മേളയില്‍ പതിനായിരത്തിലധികം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് നേരിട്ടെത്തിച്ച പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പ്രാദേശിക പലഹാരങ്ങള്‍, ഡയറി, ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയടങ്ങിയ പ്രത്യേക പവലിയനുകളുമുണ്ട്. 24 മന്ത്ര, ആഹാ, ഫാനി, ഫെയര്‍, ലാസ്സ, മാമഎര്‍ത്ത് തുടങ്ങി 30 പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍നിന്നുള്ള നൂറിലധികം പുതിയ ഉല്‍പ്പന്നങ്ങളും മേളയില്‍ അവതരിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളുടെ തനത് വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഫാഷന്‍ ഡിസ്‌പ്ലേയ്ക്ക് പുറമെ ഇന്ത്യന്‍ നിര്‍മിത ഹോം ഫര്‍ണിഷിങ് ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ വിപുലമായ ശേഖരവും ലുലുവില്‍ സജ്ജമാക്കിയിട്ടുണ്ട്. സൗദിയിലെ മുഴുവന്‍ ലുലു ഔട്ട്‌ലെറ്റുകളിലും ഇന്ത്യ ഉത്സവ് ഓഫറുകള്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






