
റിയാദ്: പൊതുബോധ നിർമിതികളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും കഴിയുന്ന തരത്തിലുള്ള മാധ്യമ സാക്ഷരത സമൂഹത്തിൽ വളർത്തിയെടുക്കുകയാണ് ബദൽ വഴിയെന്ന് കേളി സാംസ്കാരിക വിഭാഗം സംഘടിപ്പിച്ച സംവാദം. ‘പൊതുബോധ നിർമിതിയുടെ പുകമറ: മിഥ്യയും യാഥാർഥ്യവും’ എന്ന വിഷയത്തിലായിരുന്നു തുറന്ന സംവാദം.

പൊതുബോധം രൂപപ്പെടുന്ന രീതികളും അത് ആരുടെ താൽപര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മാധ്യമങ്ങളും സാമൂഹിക സംവിധാനങ്ങളും പൊതുധാരണകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും സംവാദത്തിൽ വിശദമായി ചർച്ച ചെയ്തു.
സമകാലിക കേരളീയ പശ്ചാത്തലത്തിൽ സമൂഹത്തിലെ ചില വിഭാഗങ്ങളെ നിരന്തരം പാർശ്വവൽക്കരിക്കുന്ന രീതികൾ പൊതുബോധ നിർമിതിയുടെ ഭാഗമായി എങ്ങനെ ഉണ്ടാകുന്നു എന്ന് പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. നിറത്തിന്റെ പേരിൽ വംശീയമായി അധിക്ഷേപിക്കപ്പെടുന്നവർ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവർ ഇത്തരത്തിൽ വേട്ടയാടപ്പെടുന്നുണ്ട്. ചില ആശയങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും നിരന്തരം ആവർത്തിക്കുമ്പോൾ അവ സ്വാഭാവികമായ പൊതുബോധമായി മാറുകയാണ്.

വാർത്തകളുടെ തെരഞ്ഞെടുപ്പ്, പ്രാധാന്യം, തലക്കെട്ട്, അവതരണ രീതി എന്നിവ ജനങ്ങളുടെ കാഴ്ചപ്പാടുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ വിശദീകരിച്ചു. എന്തുകൊണ്ട് ഒരു സംഭവം വാർത്തയാകുന്നു എന്നതിനൊപ്പം എന്തൊക്കെ വാർത്തയാകാതെ പോകുന്നു എന്നും തിരിച്ചറിയേണ്ടതുണ്ട്. സ്വീകരിക്കുന്ന വിവരങ്ങളുടെ ഉറവിടവും ലക്ഷ്യവും പരിശോധിക്കുന്ന രീതി ശക്തിപ്പെടണമെന്നും അഭിപ്രായമുയർന്നു. ഇടതുപക്ഷ രാഷ്ട്രീയവും ഇത്തരം പൊതുബോധ നിർമിതികളുടെ ലക്ഷ്യമാകുന്നുണ്ടെന്ന് വിലയിരുത്തപ്പെട്ടു.
കേളി സാംസ്കാരിക കമ്മിറ്റി അംഗം നാസർ കാരക്കുന്ന് മോഡറേറ്ററായി. മാധ്യമപ്രവർത്തകരായ നജീം കൊച്ചുകലുങ്ക്, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷമീർ കുന്നുമ്മൽ എന്നിവർ ചർച്ച നയിച്ചു. സതീഷ് വളവിൽ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






