Sauditimesonline

joshi
കേള്‍ക്കാന്‍ പോയി, സ്ഥാനം പോയി; കാരശ്ശേരിയുടെ സദസ്സില്‍ ഇരുന്നതിന് കേളി ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

കേള്‍ക്കാന്‍ പോയി, സ്ഥാനം പോയി; കാരശ്ശേരിയുടെ സദസ്സില്‍ ഇരുന്നതിന് കേളി ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എന്‍. കാരശ്ശേരി പങ്കെടുത്ത പരിപാടിയില്‍ കേള്‍വിക്കാരനായി പങ്കെടുത്തതിന് കേളി നസീം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. 16 വര്‍ഷത്തിലേറെയായി ദമ്മാമിലും റിയാദിലും സംഘടനയില്‍ സജീവമായിരുന്ന ജോഷി പെരിഞ്ഞനത്തിനെതിരെയാണ് നടപടി. കേളി പ്രവര്‍ത്തകന്‍ എന്നതിലുപരി പാര്‍ട്ടിക്ക് ലെവി അടയ്ക്കുന്ന അംഗം കൂടിയാണ് ജോഷി.

പുറത്താക്കല്‍ അന്യായമാണെന്നും ഇനി പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോഷി പെരിഞ്ഞനം ‘സൗദി ടൈംസിനോട്’ പറഞ്ഞു. ദമ്മാമില്‍ പോഷക സംഘടനയായ നവോദയ നേതാക്കളായ നാസ് വക്കവും പ്രദീപ് കൊട്ടിയവും സൗദി മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയില്‍ എം.എന്‍. കാരശ്ശേരിയോടൊപ്പം വേദി പങ്കിട്ടിരുന്നു. അവര്‍ക്കില്ലാത്ത എന്ത് അയിത്തമാണ് റിയാദില്‍ കാരശ്ശേരി എത്തുമ്പോള്‍ ഉണ്ടാകുന്നതെന്ന് ജോഷി ചോദിക്കുന്നു.

റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) സംഘടിപ്പിച്ച പരിപാടിയില്‍ കേളി പ്രവര്‍ത്തകരായ ഫൈസല്‍ കൊണ്ടോട്ടി, ജയകുമാര്‍, വിനോദ് കുമാർ എന്നിവരും പങ്കെടുത്തിരുന്നു. അവര്‍ക്കെതിരെ നടപടിയില്ല. എന്നാല്‍ ‘റിഫ’ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവെച്ച് ജോഷി കമന്റ് ചെയ്തിരുന്നു. ഇതാണ് കേളി നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം. അഡ്വ. എ ജയശങ്കറിനെ റിയാദില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന് റിഫ ഭാരവാഹിയും കേളി ഏരിയാ കമ്മറ്റി അംഗവുമായിരുന്ന നിബു വര്‍ഗീസിനെയും കേളി നേരുത്തെ പുറത്താക്കിയിരുന്നു.

അതേസമയം, ജോഷി പെരിഞ്ഞനത്തിനെതിരായ നടപടിയില്‍ ഔദ്യോഗിക പ്രതികരണത്തിന്റെ ആവശ്യമില്ലെന്നാണ് കേളിയുടെ നിലപാട്. സംഘടനയ്ക്കകത്ത് അച്ചടക്ഷണ നടപടികള്‍ സ്വാഭാവികമാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ തെറ്റുകള്‍ തിരുത്താനുള്ള സംഘടനയുടെ സ്വാഭാവിക നടപടി മാത്രമാണിതെന്നും കേളി നേതൃത്വം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top