റിയാദ്: കാല്‍പ്പന്ത് കളിയുടെ മനോഹര നിമിഷങ്ങള്‍ക്ക് സാക്ഷിയായ റിയാദ് കെഎംസിസി-എ ബി സി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആഘോഷാരവങ്ങളോടെ പരിസമാപ്തി. കലാശപ്പോരാട്ടത്തില്‍ ചേലക്കര മണ്ഡലത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നിലമ്പൂര്‍ മണ്ഡലം എ ബി സി കപ്പില്‍ മുത്തമിട്ടു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ആദ്യാവസാനം വീറും വാശിയും നിറഞ്ഞതായിരുന്നു. ഇരു ഗോള്‍മുഖത്തും നിരന്തരം അക്രമണങ്ങളുണ്ടായെങ്കിലും നിലമ്പൂര്‍ തന്നെയായിരുന്നു കളിയിലെ കേമന്മാര്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയ നിലമ്പൂരിനെതിരെ രണ്ടാം പകുതിയില്‍ ചേലക്കര തിരിച്ചടിച്ചെങ്കിലും വീണ്ടും ഒരു ഗോള്‍കൂടി നേടി നിലമ്പൂര്‍ വിജയം ഉറപ്പിച്ചു.
രണ്ടര മാസം നീണ്ടു നിന്ന ടൂര്‍ണമെന്റില്‍ 16 മണ്ഡലങ്ങളുടെ ടീമുകളാണ് പങ്കെടുത്തത്. ബഗ്‌ളഫിലെ അല്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുത്തു. ഫൈനലിനോടനുബന്ധിച്ചു റിയാദിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത വടം വലി മത്സരവും അരങ്ങേറി. വാശിയേറിയ മല്‍സരത്തില്‍ റിയാദ് ടാക്കീസിനെ പരാജയപ്പെടുത്തി കനിവ് ടീം ജേതാക്കളായി.
റിയാദ് ടാക്കീസ് ടീം അവതരിപ്പിച്ച ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യതിതിയായ സല്‍മാന്‍ കുറ്റിക്കോടിനെ നേതാക്കളും പ്രവര്‍ത്തകരും ഗ്രൗണ്ടിലെക്ക് ആനയിച്ചത്. പിന്നാലെ ഫൈനല്‍ മത്സരാര്ഥികളായ നിലമ്പൂരും ചേലക്കരയും അണിനിരന്നു. കുടുംബിനികളടക്കം ആയിരങ്ങള്‍ മത്സരം വീക്ഷിക്കാന്‍ ഖാബൂസ് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ടൂര്‍ണ്ണമെന്റിലെ ജേതാക്കള്‍ക്കുള്ള എ ബി സി കാര്‍ഗോ ട്രോഫിയും െ്രെപസ് മണിയും എ.ബി.സി ഡയറക്ടര്‍ നിസാര്‍ അബ്ദുല്‍ ഖാദറും മുഖ്യാതിഥി സല്‍മാന്‍ കുറ്റിക്കോടും ചേര്‍ന്ന് നിലമ്പൂര്‍ മണ്ഡലത്തിന് സമ്മാനിച്ചു. റണ്ണേഴ് അപ്പിനുള്ള ട്രോഫിയും പ്രൈസ് മണിയും ചേലക്കര മണ്ഡലത്തിന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫയും സമ്മാനിച്ചു.
ഫൈനല്‍ മല്‍സരത്തിലെ മാന്‍ ഓഫ് ദ മാച്ച് ഷമീര്‍ (നിലമ്പൂര്‍), മികച്ച താരം സുദിഷ് (നിലമ്പൂര്‍), മികച്ച മുന്നേറ്റ താരം മുബാറക്ക് അരീക്കോട് (ചേലക്കര), മികച്ച ഗോള്‍കീപ്പര്‍ ഷാഫി (നിലമ്പൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സി.പി മുസ്തഫ, നിസാര്‍ അബ്ദുല്‍ ഖാദര്‍, സലീംകളക്കര എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. സമാപന ചടങ്ങില്‍ സി. പി മുസ്തഫ അധ്യക്ഷത വഹിച്ചു. എസ്. എം. ഇ പ്രവാസി എക്‌സലന്‍സ് അവാര്‍ഡ് റൈസ്ബാങ്ക് ചെയര്‍മാന്‍ ടി വി എസ് സലാമിന് സമ്മാനിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെഎംസിസി പ്രവര്‍ത്തകരെയും ആദരിച്ചു. സെക്രട്ടറി മുജീബ് ഉപ്പട ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഫറോക്ക് നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് പുറമെ ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.