Sauditimesonline

MINISTER 1
പ്രവാസികള്‍ക്ക് ഇരട്ട നേട്ടം; കെഎസ്എഫ്ഇ 'ഡ്യൂവോ' പദ്ധതി റിയാദില്‍ ഉദ്ഘാടനം ചെയ്തു

റഹീമിന്റെ മോചനം: വിശദീകരണവുമായി സഹായസമിതി

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ വധശിക്ഷ കാത്തു കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനുളള നിയമ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് റിയാ്വിലെ സഹായ സമിതി. ഗവര്‍ണറേറ്റില്‍ ഇന്ത്യന്‍ എംബസി ചെക്ക് കൈമാറുന്നതോടെ അനുരജ്ഞന കരാര്‍ സാക്ഷ്യപ്പെടുത്തി കോടതിയ്ക്കു സമര്‍പ്പിക്കും. അടുത്ത വാദം കേള്‍ക്കാന്‍ കോടതി തീയതി നിയശ്ചയിക്കുന്നതോടെ അനുരഞ്ജന കരാറും ചെക്കും കോടതിക്കു കൈമാറും. ഇതോടെ കോടതി ഉത്തരവ് ഉണ്ടാകും. ഇതിനായി കാത്തിരിക്കണമെന്നും സഹായ സമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്ത പ്രസ്താവനയുടെ പൂര്‍ണരൂപം.

റഹീം മോചനമെന്ന ശുഭവാര്‍ത്തക്കായി കാത്തിരിക്കുക: റിയാദ് സഹായ സമിതി

റിയാദ്: സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വിശ്രമമില്ലാത്ത പ്രവര്‍ത്തനം തുടരുകയാണെന്ന് റിയാദ് സഹായ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെയും റിയാദ് പൊതുസമൂഹത്തിന്റെയും പൂര്‍ണ്ണ പിന്തുണയോടെ കഴിഞ്ഞ 18 വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്ന ശ്രമം വൈകാതെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം ലക്ഷ്യത്തിനരികെ നില്‍കുമ്പോള്‍ ലോകമാകെയുള്ള മലയാളികള്‍ ഉള്‍പ്പടെയുള്ള എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും നന്ദി പറയുകയാണെന്ന് സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.

ഈ കേസിലെ പ്രധാന കടമ്പ പണം മാത്രമായിരുന്നില്ല. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കുക എന്നതായിരുന്നു. അതിനായാണ് ദീര്‍ഘകാലം കഠിന ശ്രമങ്ങള്‍ നടന്നത്. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന് പ്രായപൂര്‍ത്തിയായിരുന്നില്ല. അത് കൊണ്ട് വിധി പ്രഖ്യാപനത്തിന് കാലതാമസമുണ്ടാക്കി. ഈ കാലഘട്ടം ഉപയോഗപ്പെടുത്തിയാണ് സഹായ സമിതി പലവഴിയായി റഹീമിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ നടത്തിയത്. എല്ലാ വഴികളും പരാജയപ്പെട്ടെങ്കിലും സമിതി പിന്മാറിയില്ല. സാധ്യമായ പുതിയ വഴികള്‍ തേടി. പ്രമുഖരെ ബന്ധപ്പെടുത്തി സമന്വയത്തിന് ശ്രമിച്ചു.

അനുരഞ്ജനത്തിനായി അനസിന്റെ വക്കീലുമായും ബന്ധുക്കളുമായും നിരവധി തവണ കൂടിക്കാഴ്ചകളുണ്ടായി. കുടുബത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ വക്കീല്‍ ഇനി ഇക്കാര്യത്തിന് സമയം കളയേണ്ടതില്ലെന്നാണ് പറഞ്ഞത്. കുടുംബം തീരുമാനത്തില്‍ നിന്ന് മാറാത്തതിനാല്‍ വിധി നടപ്പാകുകയല്ലാതെ മറു വഴിയില്ലെന്ന് പറഞ്ഞെങ്കിലും വക്കീലുമായുള്ള ചര്‍ച്ചകള്‍ സഹായ സമിതി തുടര്‍ന്നു വന്നു. റഹീമിന്റെ വൃദ്ധയായ മാതാവിന്റെ അവസ്ഥയും മറ്റ് സാഹചര്യങ്ങളും ബോധ്യപ്പെടുത്തി കുടുംബവുമായി വീണ്ടും സംസാരിക്കാന്‍ അപേക്ഷിച്ചു.

ആ ശ്രമം ഒടുവില്‍ ഫലം കാണുകയായിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം കുടുംബാംഗങ്ങളില്‍ പെട്ടവര്‍ ആശ്വാസ വാര്‍ത്ത അറിയിച്ചിട്ടുണ്ടെന്നും ദിയ ധനം നല്‍കണമെന്ന വ്യവസ്ഥയുണ്ടെന്നും വക്കീല്‍ അറിയിച്ചു. ഭീമമായ തുക ആവശ്യപ്പെട്ടപ്പോഴും നിരന്തരമായ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ 15 മില്യണ്‍ റിയാലിന് പകരമായി റഹീമിന്റെ വധശിക്ഷ റദ്ദാക്കി മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് കുടുംബം അനുമതി നല്‍കിയതായി വക്കീല്‍ അറിയിച്ചു. തുക കുറച്ചു നല്‍കാനും അശ്രാന്ത പരിശ്രമം നടത്തിയെങ്കിലും ആവശ്യത്തിലുറച്ചുനിന്നു.

മുന്നോട്ടുളള നടപടികളില്‍ ഇന്ത്യന്‍ എംബസിയെ അല്ലാതെ മറ്റാരും ബന്ധപ്പെടരുതെന്ന കര്‍ശനമായ നിബന്ധനയും കുടുംബം വെച്ചതായി വക്കീല്‍ അറിയിച്ചിരുന്നു. ഇതോടെ പുറമെ നിന്നുള്ളവരെ ഇടപെടുത്താന്‍ പറ്റാത്ത സാഹചര്യമായി. തുടക്കം മുതല്‍ തന്നെ എല്ലാ ചര്‍ച്ചകളിലും ഇന്ത്യന്‍ എംബസിയുടെ ഇടപെടലും പങ്കാളിത്തവും നിര്‍ണായകമായിരുന്നു. റഹീമിന്റെ കുടുംബവും ദിയ നല്‍കിയുള്ള ഏതൊരു തീരുമാനം കൈകൊള്ളുന്നതിനും എംബസിയെ ചുമതലപ്പെടുത്തി.

അവരാവശ്യപെട്ട ഭരിച്ച തുക കണ്ടെത്തുകയെന്ന ദൗത്യം ഏറ്റെടുക്കുന്നതില്‍ റിയാദിലെ മലയാളി സമൂഹത്തിന്റെ അഭിപ്രായമാരാഞ്ഞു. ഒരുമയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ബലത്തില്‍ ഒത്തുചേര്‍ന്ന റഹീം സഹായ ജനകീയ സമിതി യോഗത്തിലാണ് 15 മില്യണ്‍ സമാഹരിക്കാനുള്ള ചരിത്രപരമായ തീരുമാനം പിറന്നത്. 15 മില്യണ്‍ റിയാല്‍ ആറുമാസ കാലയളവില്‍ സമാഹരിച്ച് നല്‍കാമെന്ന റഹീമിന്റെ കുടുംബത്തിന്റെ ഉറപ്പിനൊപ്പം റിയാദിലെ നിയമ സഹായ സമിതിയും എംബസിക്ക് ഉറപ്പ് നല്‍കി.

പിന്നീട് ഒട്ടും കാത്ത് നിന്നില്ല. കൃത്യമായ പദ്ധതികള്‍ക്ക് റിയാദിലെ റഹീം സഹായസമിതി രൂപം നല്‍കി. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും നടപടികള്‍ നീക്കാന്‍ നാട്ടിലുള്ള അബ്ദുറഹീം നിയമ സഹായ സമിതിയുടെ മേല്‍നോട്ടത്തില്‍ ട്രസ്റ്റിന് രൂപം നല്‍കി. നാട്ടിലെ സര്‍വകക്ഷി സമിതിയുടെ മൂന്ന് പ്രധാന ഭാരവാഹികളുടെ പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. പിന്നീട് ട്രസ്റ്റിന്റെയും റഹീമിന്റെ മാതാവിന്റെയും പേരുകളില്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചു. സുതാര്യമായ രീതിയില്‍ ഫണ്ട് സ്വരൂപിക്കാന്‍ മൊബൈല്‍ ആപ്പ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. പിന്നീട് വിഷയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ക്യാമ്പയിനുകള്‍ ലോകമാകമാനം വിശിഷ്യാ നാട്ടിലും പ്രവാസലോകത്തും ആരംഭിച്ചു.

മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ്സ് തുടങ്ങി നിഖില മേഖലകളിലെ നേതാക്കളെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെയും കണ്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ച് ഫണ്ട് സമാഹരണത്തിനായി സാധ്യമായ എല്ലാ സഹായവും നല്‍കണമെന്ന് നാട്ടിലെ സഹായ സമിതി അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മറുവാക്ക് പറയാതെ എല്ലാവരും പണം സമാഹരിക്കാനുള്ള ആഹ്വാനം നല്‍കി. കുടുംബം നല്‍കിയ കാലാവധിക്ക് മുമ്പേ തന്നെ നാട്ടില്‍ തുക സമാഹരിച്ചു. റിയല്‍ കേരള സ്‌റ്റോറിയായി വാഴ്ത്തപ്പെട്ട ദൗത്യം മലയാളികളുടെ ഐക്യവും ചേര്‍ത്ത് പിടിക്കലും കണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്തു.

പണം സമാഹരിക്കപ്പെട്ടയുടനെ തന്നെ റഹീമിന്റെ കുടുംബം ഇന്ത്യന്‍ എംബസിയെ വിവരങ്ങളറിയിച്ചു. എംബസിയും റഹീമിന്റെ വക്കീലും സൗദി കുടുംബത്തിന്റെ വക്കീലിനെ കാര്യങ്ങള്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റഹീമിന്റെ വക്കീല്‍ കോടതിയെയും ഗവര്‍ണറേറ്റിനെയും ദിയ പണം സ്വരൂപിച്ച വിവരം കാണിച്ച് വധശിക്ഷ റദ്ദ് ചെയ്യണെമെന്ന് ആവശ്യപ്പെട്ടു. അതിനിടെ സൗദി കുടുംബവും വക്കീലും ദിയ സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഗവര്‍ണറേറ്റിനെയും അറിയിച്ചു.

അതോടെ വലിയൊരു ആശങ്ക ആശ്വാസത്തിന് വഴിമാറി. പിന്നീട് ഓരോ ദിവസവും ഗവര്‍ണറേറ്റില്‍ നിന്നും കോടതയില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരുന്നു. സഹായ സമിതിക്കൊപ്പം എംബസിയും സമയം നോക്കാതെ എല്ലാ സഹായത്തിനും ഇടപെടാലിനമുണ്ടായി. ഇന്ത്യന്‍ എംബസിയും വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജാഗ്രതയും ഇടപെടലും പ്രശംസനീയമാണെന്ന് സഹായ സമിതി വാര്‍ത്ത സമ്മേളനത്തില്‍ എടുത്തു പറഞ്ഞു.

നാട്ടിലെ ബാങ്കിലുണ്ടായിരുന്ന ദിയ പണവും വക്കീലിനുള്ള തുകയും ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. ഗവര്‍ണറേറ്റിന്റെ നിര്‍ദേശത്തിന് കാത്തിരിക്കുകയാണ് എംബസി. ക്രിമിനല്‍ കോടതിയുടെ പേരില്‍ സെര്‍ട്ടിഫൈഡ് ചെക്കാകും എംബസി നല്‍കുക. അതിന് ഗവര്‍ണറേറ്റ് രേഖാമൂലം അനുമതി നല്‍കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ ചെക്ക് കൈമാറും. പിന്നീട് അനുരഞ്ജന കരാറുണ്ടാക്കുകയാണ് അടുത്ത ഘട്ടം. അതിനായി റഹീമിന്റെ അനന്തരാവകാശികള്‍ നേരിട്ട് എത്തുകയോ അല്ലെങ്കില്‍ കരാറില്‍ ഒപ്പ് വെക്കാനുള്ള അനുമതി ഉള്‍പ്പടെ എല്ലാ അധികാരവും വക്കീലിന് നല്‍കി കൊണ്ടുള്ള കോടതി സാക്ഷ്യപ്പെടുത്തിയ പവര്‍ ഓഫ് അറ്റോണയുമായി എത്തി ഒപ്പ് വെക്കുകയോ വേണം.

അതുകൂടെ കഴിഞ്ഞാല്‍ കേസിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയാകും. പിന്നീട് ഗവര്‍ണറേറ്റില്‍ നിന്ന് കോടതിയിലേക്ക് അനുരഞ്ജന കരാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ പോകുന്നതോടെ വധ ശിക്ഷ റദ്ദാക്കുകയും പിന്നീട് ജയില്‍ മോചനം നല്‍കാനുമുള്ള ഉത്തരവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിന്റെ നാള്‍വഴികള്‍ പറഞ്ഞു സഹായസമിതി റിയാദ് മീഡിയ ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സി പി മുസ്തഫ, കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, പരിഭാഷകനും നിയമവിദഗ്ധനുമായ മുഹമ്മദ് നജാത്തി, റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍, ഭാരവാഹികളായ അഷ്‌റഫ് വേങ്ങാട്ട്, മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ എന്നിവരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top