റിയാദ്: നവംബര്‍ 17ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന ശുഭ വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റിയാദ് റഹീം നിയമ സഹായ സമിതി. എന്നാല്‍, നൂറു ശതമാനം ഉറപ്പുപറയാനാവില്ലെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടു നടക്കുന്ന കോടതി വ്യവഹാരങ്ങള്‍ക്ക് അതിന്റേതായ നടപടിക്രമങ്ങള്‍ ആവശ്യമയി വരുമെന്നും കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. സമിതിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് സഹായ സമിതി പ്രതികരിക്കുകയും ചെയ്തു.
അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് സഹായ സമിതിയുടെ ആത്യന്തിക ലക്ഷ്യം. അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. യൂടൂബേഴ്‌സും വ്‌ളോഗര്‍മാരും വസ്തുതകള്‍ തിരിച്ചറിയണം. സഹായ സമിതിയുമായി ബന്ധപ്പെടാതെ ഏകപക്ഷീയമായി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും സഹായ സമിതി നേതാക്കള്‍ പറഞ്ഞു.
റിയാദ് ജയിലിലെത്തിയ ഉമ്മയെ കാണാന്‍ റഹീം വിസമ്മതിച്ചത് ദൗര്‍ഭാഗ്യകരമാണ്. ഉമ്മയെ കാണാന്‍ റഹീം സന്നദ്ധമാകണമായിരുന്നു എന്നു തന്നെയാണ് സഹായ സമിതിയുടെ നിലപാട്. റഹീമിന്റെ കുടുംബം സൗദിയിലെത്തിയതും റിയാദ് ജയിലില്‍ സന്ദര്‍ശനം നടത്തിയതും വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നുവെങ്കില്‍ കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുമായിരുന്നു.
അബ്ദുല്‍ റഹീമിന്റെയും കൂട്ടു പ്രതി നസീറിന്റെയും കേസ് ഫയലുകള്‍ രണ്ടായി പരിഗണിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജാമ്യത്തില്‍ മുങ്ങിയ കൂട്ടുപ്രതിക്കെതിരായ കേസ് റഹീമിനെ ബാധിക്കില്ല. സൗദി ബാര്‍ അസോസിയേഷനില്‍ എന്റോള്‍ ചെയ്ത അലി അല്‍ ഹൈദാന്റെ നേതൃത്വത്തിലുളള രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെയാണ് റഹീമിനു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ നിയമ സഹായ സമിതി ചുമതലപ്പെടുത്തിയത്. ഇവരെ സഹായിക്കാനും റഹീമും അഭിഭാഷകരും വിവിധ കാര്യാലയങ്ങളുമായി ഏകോപനം നടത്താനുമാണ് റഹീമും എംബസിയും അധികാരപ്പത്രം നല്‍കിയിട്ടുളള ഉസാമ അല്‍ അംബറിനെ നിയമിച്ചത്. നിയമ വ്യവഹാരങ്ങളില്‍ കാലതാമസവും വീഴ്ചയും സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് നിയമ സഹായ സമിതി ജാഗ്രതയോടെ പ്രവര്‍ത്തിച്ചത്. എന്റോള്‍ ചെയ്യാത്ത അഭിഭാഷകരാണ് റഹീമിന്റെ കേസ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണങ്ങള്‍ക്ക് മുറപടിയായി സഹായ സമിതി വ്യക്തമാക്കി.
കോടതി രേഖകളുടെ പകര്‍പ്പുകള്‍ റഹീമിന്റെയും നിയമ സഹായ സമിതിയുടെയും കൈവശം ലഭ്യമാണ്. സൗദി അറേബ്യയുടെ ഔദ്യോഗിക ചഹ്‌നങ്ങളും മുദ്രയുമുളള രേഖകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിപ്പിക്കുന്നതിന് പെരുമാറ്റച്ചട്ടം അനുവദിക്കുന്നില്ല. രേഖകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വെല്ലുവിളികള്‍ക്ക് മറുപടിയായി സഹായ സമിതി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിയമ സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫ, ട്രഷറര്‍ സുരേന്ദ്രന്‍ കൂട്ടായി, സുധീര്‍ കുമ്മിള്‍, മുനീബ് പാഴൂര്‍, അര്‍ഷദ് ഫറോഖ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.