റിയാദ്: ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ മുന്നേറ്റത്തിന് ജനാധിപത്യപരമായ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായ സിപി സൈതലവി. പുതിയ കാലത്തെ എല്ലാ വെല്ലുവിളികളെയും അതിജയിച്ച് മുസ്‌ലിം സമൂഹത്തിന് മുന്നോട്ട് പോകുവാന്‍ സാധ്യമാകണമെങ്കില്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര മനസ്സിലാക്കാനും ഉള്‍കൊള്ളാനും എല്ലാവര്‍ക്കും കഴിയണം.
സംഘബോധവും ഐക്യവും സഹകരണ മനോഭാവവും പക്വമായ സാമുദായിക നേതൃത്വവും ഉണ്ടായാല്‍ മാത്രമാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിം സമൂഹത്തിന് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുവാന്‍ സാധ്യമാവുകയുള്ളു. അത്തരം പ്രായോഗികവും ഗുണകരവുമായ ചിന്ത കേരളീയ മുസ്‌ലിം സമൂഹത്തിനിടയില്‍ ഉണ്ടായത് കൊണ്ട് ധാരാളം നേട്ടങ്ങളുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാര പങ്കാളിത്തം സാധ്യതകളാക്കി വിദ്യാഭ്യാസ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുവാന്‍ മുസ്‌ലിം ലീഗിന് കഴിഞ്ഞത് ശ്രദ്ധേയമാണ്. ഇച്ചാശക്തിയും നല്ല കാഴ്ചപ്പാടുമുള്ള നേതൃത്വം കേരളീയ മുസ്‌ലിംങ്ങള്‍ക്കുണ്ടെന്നും ഭിന്നിപ്പ് സൃഷ്ടിക്കുവാന്‍ ശ്രമിച്ചവരെ പ്രതിരോധിക്കുവാനുള്ള ബോധം സമുദായം കൈവരിച്ചിട്ടുണ്ട്. ‘സ്വത്വ രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു സിപി സൈതലവി.
‘പ്രവാസത്തിന്റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക’ എന്ന ശീര്‍ഷകത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മൂന്ന് മാസമായി നടത്തിവരുന്ന ‘സ്‌റ്റെപ് ‘ ക്യാമ്പയിന്‍ ലീഡേഴ്‌സ് ക്യാമ്പ് ‘സ്‌റ്റെപ് അപ്പ്’ പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു. മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ക്യാമ്പിന്റെ ആദ്യ സെഷന്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ആദ്യ സെഷനില്‍ സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.