Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

‘അവരില്ലെങ്കില്‍ ഞാനില്ല’; റിയാദ് ജെയിലില്‍ ഉമ്മയെ കാണാന്‍ കൂട്ടാക്കാതെ അബ്ദുല്‍ റഹിം

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിയാദ് ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ കാണാന്‍ ഉമ്മ ജയിലിലെത്തി. എന്നാല്‍ ഉമ്മയെ കാണാന്‍ അബ്ദുല്‍ റഹീം സന്നദ്ധനായില്ല എന്നാണ് വിവരം. 34 കോടി രൂപ ദിയാ ധനം നല്‍കിയാണ് റഹീമിനെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത്. 18 വര്‍ഷമായി കേസ് നടത്തുന്ന റിയാദ് നിയമ സഹായ സമിതി അറിയാതെ ഉമ്മയും സഹോദരനും അമ്മാവനും സൗദിയിലെത്തിയതില്‍ റഹീം നിരാശനാണ്. മാത്രമല്ല, വധശിക്ഷ റദ്ദാക്കിയതിന് പ്രയത്‌നിച്ചവര്‍ക്കെതിരെ തിരിഞ്ഞതിലുളള നീരസം റഹീം പ്രകടിപ്പിച്ചു എന്നാണ് വിവരം. ‘അവരില്ലെങ്കില്‍ ഞാനില്ല’ എന്നാണ് റഹീം പ്രതികരിച്ചതെന്ന് നിയമ സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫ പറഞ്ഞു.

നന്ദികേടാണ് റഹീമിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് നിയമ സഹായ സമിതി ചെയര്‍മാന്‍ നേരത്തെ പ്രതികരിച്ചിരുന്നു. മാത്രമല്ല, റഹീമിന്റെ കൂട്ടുപ്രതിയും കേസിലെ രണ്ടാം പ്രതിയുമായ നസീര്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത് കോടതി പരിശോധിക്കും. ഇതു തിരിച്ചടിയായാല്‍ റഹീമിന്റെ മോചനം വൈകും. എന്നാല്‍ കേസ് ഫയലുകള്‍ പ്രത്യേകം പരിഗണിച്ച് റഹീമിന്റെ മോചനം ഉറപ്പാക്കാനാണ് നിയമ സഹായ സമിതി ശ്രമിക്കുന്നത്. കോടതി നടപടികളെ വൈകാരികമായല്ല സമീപിക്കേണ്ടത്. വസ്തുതകള്‍ ഇതായിരിക്കെ റഹീമിന്റെ മോചനം തടസ്സപ്പെടുത്താനാണ് സഹോദരന്‍ ഉള്‍പ്പെടെയുളളവരുടെ ശ്രമമെന്നും നിയമ സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫ ആരോപിച്ചു.

ഒരാഴ്ച മുമ്പ് സൗദിയിലെത്തിയ റഹീമിന്റെ കുടുംബം റിയാദില്‍ നിന്ന് 1000 കിലോ മീറ്റര്‍ അകലെ അബഹയിലാണ് എത്തിയത്. കുടുംബത്തിന്റെ സന്ദര്‍ശനം തുടക്കം മുതല്‍ ദുരൂഹത നിറഞ്ഞതായിരുന്നു. അഭ്യുഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റഹീമിന്റെ മോചനമാണ് ആത്യന്തികമായി ലക്ഷ്യമെന്നും കുടുംബത്തിന്റെ പവ്വര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top