Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. റിയാദ് ക്രിമിനല്‍ കോടതി ഇന്ന് കേസ് പരിഗണിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഇതു പത്താം തവണയാണ് റഹീം കേസ് മാറ്റിവെയ്ക്കുന്നത്. തുടര്‍ച്ചയായി കേസ് മാറ്റിവെയ്ക്കുന്ന സാഹചര്യത്തില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തളളി. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് കേസ് മാറ്റിവെച്ചത്. ഏപ്രിൽ 14 ന് സൗദി സമയം രാവിലെ 8:30 ന് കേസ് വീണ്ടും പരിഗണിക്കും.

അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു.
സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ പബ്‌ളിക് റൈറ്റ് പ്രകാരം വിചാരണ നേരിടുകയാണ് കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീം. ഫെബ്രുവരി 3ന് കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി കേസ് സൂക്ഷ്മ പരിശോധന നടത്തുന്നതിന് ഡിവിഷന്‍ ബഞ്ച് പരിഗണിക്കണം എന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റിയാദ് ക്രിമിനല്‍ കോടതിയിലെ ഡിവിഷന്‍ ബഞ്ച് റഹീമിന്റെ മോചനം സംബന്ധിച്ച് കേസ് പരിഗണിച്ചത്. എന്നാല്‍ അബ്ദുല്‍ റഹീമും പ്രോസിക്യൂഷനും സമര്‍പ്പിച്ച രേഖകളും മൊഴികളും കൂടുതല്‍ വിശകലനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റി.

കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് 34 കോടി ദിയാധനം സ്വീകരിച്ച് മരിച്ച ബാലന്‍ അനസ് അല്‍ ശഹ്‌രിയുടെ കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കിയത് പരിഗണിച്ച് ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ കോടതിയില്‍ പുരോഗമിക്കുന്നത്. ഇത് അനുസരിച്ച് ഒക്ടോബര്‍ 21 മോചന ഹര്‍ജി പരിഗണിച്ച ബഞ്ച്, വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ കേസില്‍ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റിവെച്ചിരുന്നു.

നവംബര്‍ 17ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം വിശദമായി പഠിക്കണമെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബര്‍ എട്ടിന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട കോടതി വിധി പറയാന്‍ കേസ് ഡിസംബര്‍ പന്ത്രണ്ടിലേക്ക് മാറ്റിയെങ്കിലും അന്നും വിധിയുണ്ടായില്ല. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണിതെന്നായിരുന്നു റഹിം നിയമസഹായ സമിതി അറിയിച്ചത്.
2006ല്‍ െ്രെഡവറായി ജോലി ലഭിച്ച് ഒരു മാസം തികയും മുന്‍പാണ് കൊലപാതകകേസില്‍ അകപ്പെട്ട് അബ്ദുറഹീം ജയിലാകുന്നത്. വധശിക്ഷ റദ്ദാക്കിയശേഷം ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ജയിലിലെത്തി റഹിമിനെ നേരില്‍കണ്ടിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top