Sauditimesonline

jabir
ജാബിര്‍ ടിസിക്ക് യാത്രയയപ്പ്

റഹീമിന്റെ മോചനം ഒക്‌ടോബര്‍ 17ന് അറിയാം

റിയാദ്: സൗദി ബാലന്‍ മരിച്ച കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബുദല്‍ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന് നടക്കും. ദിയാ ധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. പബ്ലിക് റൈറ്റ് പ്രകാരം പ്രോസിക്യൂഷന്‍ എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനുളള ആകാംഷയാണ് അന്തിമ വാദം നടക്കുന്ന ദിവസത്തെ ശ്രദ്ധേയമാക്കുന്നത്. റഹീം നിയമ സഹായ സമിതി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ അംബാസഡര്‍ അതീവ താല്‍പര്യത്തോടെയാണ് റഹീമിന്റെ നിയമ നടപടികളില്‍ ഇടപെടുന്നത്. ക്ഷേമകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും കഠിന ശ്രമം നടത്തുന്നുണ്ടെന്ന് സഹായ സമിതി രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. കോടതിയുടെ അപ്പോയ്ന്റ്‌മെന്റ് ലഭിച്ചത് ആശ്വാസകരമാണ്. സന്തോഷ വാര്‍ത്ത കേള്‍ക്കാനാണ് കാത്തിരിക്കുന്നതെന്ന് കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറയും പറഞ്ഞു.

ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം റിയാദിലെ റഹിം നിയമ സഹായ സമിതി കാത്തിരുന്ന സുപ്രധാന നിയമ നടപടിയാണ അടുത്ത സിറ്റിംഗിനുളള തീയതിലഭിക്കുക എന്നത്. പബ്ലിക് റൈറ്റ് പ്രകാരം തുടര്‍ നടപടികള്‍ എന്ത് സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് ഇ-ഫയലായി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്തിമ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

വിചാരണ തടവുകാരനായും മരിച്ച സൗദിബാലന്റെ അനന്തരാവകാശികള്‍ പ്രായപൂര്‍ത്തിയാകാനും കാത്തിരുന്നതാണ് റഹീമിന്റെ ശിക്ഷ നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടത്. ഇത് റഹീമിന്റെ ജീവന്‍ തിരിച്ചുകിട്ടാന്‍ ഇടയാക്കി എന്നുവേണം വിലയിരുത്താന്‍. കുടുംബം മാപ്പ് നല്‍കിയതും 18 വര്‍ഷം തടവില്‍ കഴിഞ്ഞ സാഹചര്യവും പ്രോസിക്യൂഷന്‍ പരിഗണിക്കും. അതുകൊണ്ടുതന്നെ പബ്ലിക് റൈറ്റ് പ്രകാരം കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടില്ലെന്നാണ് നിയമ വിദഗദരുടെ അഭിപ്രായം.

അതേസമയം, റഹീമിന്റെ മോചനത്തിന് പ്രോസിക്യൂഷന്‍ തടസ്സ വാദങ്ങള്‍ ഉന്നയിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് സഹായ സമിതിയും റഹീമിന്റ അഭിഭാഷകനും. അതുകൊണ്ടുതന്നെ അടുത്ത സിറ്റിംഗില്‍ മോചന ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷ. മോചന ഉത്തരവ് ലഭിച്ചാല്‍ അതിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റ്, പ്രിസണ്‍ ഡയറക്ടറേറ്റ്, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിലേയ്ക്ക് അയക്കും. അതിന്‌ശേഷം പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. വധശിക്ഷ റദ്ദാക്കിയ വേളയില്‍ തന്നെ ഇന്ത്യന്‍ എംബസി ആറുമാസം കാലാവധിയുളള ഔട്ട്പാസ് ഇഷ്യൂ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ എക്‌സിറ്റ് നേടിയാല്‍ ഉടന്‍ റഹീമിന് രാജ്യം വിടാന്‍ കഴിയും. വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ കൂട്ടായി, നൗഫല്‍ പാലക്കാടന്‍, നാട്ടിലെ നിയമ സഹായ സമിതി പ്രതിനിധി ഷക്കീബ് കൊളക്കാടന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top