റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച റിയാദ് എഡ്യൂ എക്‌സ്‌പോ സമാപിച്ചു. അല്‍ യാസ്മീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, മെഷീന്‍ ലേര്‍ണിങ്, ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗ്ദര്‍ നയിച്ച ക്ലാസുകള്‍ കരിയര്‍ മേഖലകളിലെ നവീന പ്രവണതകളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു.
ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ പ്രീമിയര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ അഡ്മിഷന്‍ നേടുന്നതിന് ആവശ്യമായ മികച്ച പരിശീലനം നല്‍കുന്ന ടാര്‍ഗറ്റ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്റെ പുതിയ സംരംഭം ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി റിയാദിന്റെ ഉദ്ഘാടനം അല്‍ യാസ്മീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് എം ഷൗക്കത് പര്‍വേസ് നിര്‍വ്വഹിച്ചു. ചഋഋഠ/ഖഋഋ/ഇഡഋഠ/ടഅഠ തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള അധ്യാപകരും കരിയര്‍ ഗൈഡന്‍സ് രംഗത്തെ സര്‍ട്ടിഫൈഡ് ട്രെയിനേഴ്‌സും അടങ്ങിയ ടീം ആണ് ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി.
എഡ്യൂ എക്‌സ്‌പോ വേദിയില്‍ റിയാദിലെ ഓരോ ഇന്ത്യന്‍ സ്‌കൂളിലെയും ഏറ്റവും കൂടുതല്‍ സര്‍വീസുള്ള അധ്യാപകരെയും കഴിഞ്ഞ അധ്യയന വര്‍ഷം ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. കഴിഞ്ഞ മെയ് മാസം ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സ്‌കോളര്‍ഷിപ് പരീക്ഷയിലെ വിജയികളെയും അനുമോദിച്ചു.
മോട്ടിവേഷണല്‍ സ്പീക്കറും സൈബര്‍ സെക്യൂരിറ്റി വിദഗ്ദനും മംഗലാപുരം സഹയാദ്രി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. ആനന്ത് പ്രഭു മുഖ്യ പ്രഭാഷണം നടത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും കൊണ്ടുവരുന്ന മാറ്റത്തിനൊപ്പം മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടികാട്ടി.
കുട്ടികളിലെ സംരംഭകത്വം എങ്ങനെ വളര്‍ത്തിയെടുക്കാം എന്ന വിഷയം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും വിവിജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് കമ്പനിയുടെ സിഇഒയുമായ മാസ്റ്റര്‍ ന്യുയാം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികളെ പുതിയ അവസരങ്ങളാക്കി മാറ്റണമെന്ന് ന്യുയാം സൂചിപ്പിച്ചു. ആശയ വിനിമയത്തിലുള്ള കരുത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്ന് ഇന്റര്‍ടെക് ജിസിസി സെയില്‍സ് മാനേജറും ടോസ്റ്റ് മാസ്റ്റര്‍ ചാമ്പ്യനുമായ സയ്ദ് ഫൈസല്‍ പറഞ്ഞു.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗ്ദര്‍ പങ്കെടുത്ത പാനല്‍ ഡിസ്‌കഷന്‍ ആയിരുന്നു റിയാദ് എഡ്യൂ എക്‌സ്‌പോയിലെ മുഖ്യ ആകര്‍ഷണം. ടെക് പ്രോക്‌സിമ എക്‌സികുട്ടീവ് ഡയറക്ടര്‍ ഷെയ്ഖ് സലിം ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഒറാക്കിള്‍ സീനിയര്‍ മാനേജര്‍ മുഹമ്മദ് അഹമ്മദ്, സൈബര്‍ സെക്യൂരിറ്റി വിദഗ്ദന്‍ അമീര്‍ ഖാന്‍, ഡോ. സൈനുല്‍ ആബിദീന്‍, സൈക്കോളജിസ്‌റ് സുഷമ ഷാന്‍, സാബിക് സ്റ്റാഫ് സയന്റിസ്റ്റ് അബ്ദുല്‍ നിസാര്‍, റോബോട്ടിക്‌സ് ഐഒടി ട്രെയിനര്‍ മുഹമ്മദ് റിഷാന്‍ എന്നിവര്‍ കരിയര്‍ സാധ്യതകള്‍ പങ്കുവെച്ചു. ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എം സി സ്വാഗതവും മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് അസ്‌ലം നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.