റിയാദ്: ആടുജീവിതത്തിന് ബദല്‍ ഹ്രസ്വ ചിത്രം അറബിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ റിലീസിന് ഒരുങ്ങുന്നു. പ്രമുഖ മീഡിയാ കമ്പനിയാണ് ചിത്രത്തിന്റെ അണിയറ ശില്പികള്‍. ആടുജീവിതം സിനിമയില്‍ തൊഴിലുടമയുടെ പീഡനവും ക്രൂരതയുമാണ് ചിത്രീകരിച്ചത്. എന്നാല്‍ അതിന് വിപരീതമാണ് ദി ഫ്രണ്ട്‌ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ആട്ടിടയനായി വേഷമിട്ട പ്രവാസി മലയാളി നജാത് ബിന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു.
മുജീബ് എന്നാണ് കഥാപാത്രത്തിന് പേര് നല്‍കിയിട്ടുളളത്. ആറ് സൗദി പൗരന്‍മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആടുജീവിതത്തില്‍ പൃഥ്വിരാജിന്റെ നിരാശയും നിസംഗതയും ദുഖവും നിറഞ്ഞ ഭാവത്തിന് പകരം സന്തോഷത്തോടെ പുഞ്ചിരിക്കുന്ന നജീബിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആടുജീവിതത്തിന്റെ ഇംഗ്‌ളീഷ് പോസ്റ്ററിനെ അനുകരിച്ചാണ് ദി ഫ്രണ്ട്‌ലൈഫും തയ്യാറാക്കിയിട്ടുളളത്.
ആടുജീവിതം റീലീസായതിനു ശേഷം അറബികള്‍ക്കിടയില്‍ സിനിമയുടെ ഇതിവൃത്തം സജീവ ചര്‍ച്ചയായിരുന്നു. തൊഴിലുടമയുടെ ക്രൂരതകള്‍ മാത്രമാണ് ചിത്രത്തില്‍ പ്രാധാന്യത്തോടെ നല്‍കിയതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം. വാദങ്ങളും മറുവാദങ്ങളും മുറുകിയതോടെ പ്രമുഖ ടെലിവിഷന്‍ അവതാരകന്‍ മുഹമ്മദ് അല്‍ മുല്ലയും അബ്ദുറഹ്മാന്‍ അല്‍ ദുവൈലിജും സിനിമയുടെ പ്രമേയം ചര്‍ച്ച ചെയ്തതും അറബികള്‍ ഏറ്റെടുത്തിരുന്നു.
പല പ്രമുഖ അറബ് മാധ്യമ പ്രവര്‍ത്തകരും സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ തൊഴിലുടമയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ ഇടയന് ദിയാ ധനം സ്വീകരിക്കാതെ മക്കള്‍ മാപ്പ് നല്‍കിയത് ഉള്‍പ്പെടെ പല സംഭവങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദി ഫ്രണ്ട്‌സ് ലൈഫ് അണിയറ ശില്പികള്‍ തയ്യാറാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.