റിയാദ്: വിരല്‍ തുമ്പുകളില്‍ ചായംപുരട്ടി ചിത്രരചനയില്‍ വിസ്മയം സൃഷ്ടിക്കുന്ന മലയാളി ആര്‍ട്ടിസ്റ്റിന് സൗദിയിലെ പ്രശസ്ത കലാകാരോടൊപ്പം ചിത്ര പ്രദര്‍ശനത്തിന് ക്ഷണം. റിയാദില്‍ പ്രവാസിയായ വിനി വേണുഗോപാലിനാണ് നൈലാ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിന് ക്ഷണം ലഭിച്ചത്. 93-ാമത് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി സെപ്തംബര്‍ 18ന് വൈകീട്ട് 7.00 മുതലാണ് പ്രദര്‍ശനം.
രാജകുടുംബാംഗങ്ങള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ക്ഷണിക്കപ്പെട്ടവര്‍ക്കാണ് പ്രവേശനം.
ചിത്രകലയില്‍ പ്രതിഭ തെളിയിച്ച സൗദിയിലെ അബ്ദുല്ല ഹമ്മാസ്, അബ്ദുല്‍ റഹ്മാന്‍ അല്‍ ബരിഹ, അബ്ദുല്‍ വഹാബ് ഒതൈഫ്, ഡോ. ഫുആദ് താഹ മുഗര്‍ബല്‍ തുടങ്ങി തെരഞ്ഞെടുത്ത 25 ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമാണ് വിനിയെയും ചിത്രപ്രദര്‍ശനത്തിന് ക്ഷണിച്ചത്.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രമാണ് വിനി പ്രദര്‍ശിപ്പിക്കുന്നത്. 120 ഃ 150 സെമിറ്റല്‍ വലിപ്പത്തിലാണ് ചിത്രം വരച്ചതെന്ന് വിനി വേണുഗോപാല്‍ സൗദി ടൈംസിനോട് പറഞ്ഞു. നേരത്തെ കിരീടാവകാശിയും പ്രഥാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിത്രം വരച്ച് വിനി ശ്രദ്ധനേടിയിരുന്നു. ഇത് റിയാദ് ഗവര്‍ണറുടെ ആവശ്യപ്രകാരം ഇന്ത്യന്‍ എംബസി വഴി രാജകൊട്ടാരത്തിന് സമ്മാനിച്ചു. ഏതാനും മാസം മുമ്പ് അമേരിക്കയിലെ ആര്‍ട്ട് ഗാലറിയില്‍ വിനി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സൗദിയിലെ ഫ്രെഞ്ച് അംബാസഡര്‍ അടുത്ത വര്‍ഷം പാരാസില്‍ ചിത്ര പ്രദര്‍ശനത്തിന് വിനിയെ ക്ഷണിച്ചിട്ടുണ്ട്.
ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദം നേടിയ വിനി വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് ചിത്ര വരക്കുന്ന സ്വന്തം ശൈലിയാണ് ഉപയോഗിക്കുന്നത്. ഡെക്‌സ്റ്ററിസം എന്നാണ് വിനി ഇതിന് പേര് നല്‍കിയിട്ടുളളത്. ഭര്‍ത്താവ് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി പി സനീഷ്. മകന്‍ ഗഹന്‍ സനീഷ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.