Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

പൂക്കളത്തില്‍ മലയിറങ്ങിയ മാനവികത

റിയാദ്: ഓണത്തിനും അത്തപ്പൂക്കളത്തിനും ഐതീഹ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ചിങ്ങം കഴിഞ്ഞും ഓണം ആഘോഷിക്കുന്ന പ്രവാസികള്‍ പങ്കുവെക്കുന്നത് മാനവികത മാത്രമാണ്. അത്തരം അത്തപ്പൂക്കളമാണ് റിയാദ് ടാക്കീസ് പൊന്നോണം-24ന് ഒരുക്കിയത്. ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അട്ടമല വനത്തില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബത്തെ രക്ഷിക്കുന്ന പ്രമേയമാണ് ഓണപ്പൂക്കളത്തില്‍ ഉപയോഗിച്ചത്.

സാഹസിക ദൗത്യ നിര്‍വ്വഹണം പൂര്‍ത്തിയാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുഞ്ഞുങ്ങളെ തോര്‍ത്ത് ഉപയോഗിച്ച് ദേഹത്ത് ചേര്‍ത്തുകെട്ടി മല ഇറങ്ങിവന്ന ഹൃദയസ്പര്‍ശിയായ രംഗമാമാണ് റിയാദ് ടാക്കീസ് ഓണപ്പൂക്കളത്തില്‍ അടയാളപ്പെടുത്തിയത്. മൂന്ന് ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ ഒരുക്കിയ പൂക്കളത്തില്‍ ചുണ്ടന്‍ വളളവും സ്റ്റാന്‍ഡ് വിത്ത് വയനാട് എന്ന് ആലേഖനവും ചെയ്തിരുന്നു. ഷൈജു പച്ചയുടെ നേതൃത്വത്തില്‍ നിസാര്‍ പള്ളികശേരി, വരുണ്‍, സോണി ജോസഫ്, എല്‍ദോ വയനാട്, രാഹുല്‍, ഷെയിന്‍, റജീസ്, രാഷി രമേശ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പൂക്കളംഒരുക്കിയത്.

ചിങ്ങമാസത്തിലെ അത്തംനാള്‍ മുതലാണ് പൂക്കളം ഇടുന്നത്. ഇതിന് പ്രാദേശികമായ രീതിയും ശൈലിയും ഉണ്ട്. അത്തം, ചിത്തിര, ചോതി എന്നീ ദിനങ്ങളില്‍ തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കും. ഉത്രാട ദിനത്തിലാണ് പരമാവധി വലിയ പൂക്കളം ഒരുക്കുക. മൂലം നാളില്‍ ചതുരാകൃതിയിലാകും പൂക്കളം. എന്നാല്‍ ഐതീഹ്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം മാനവികതയുടെ സന്ദേശം പൂക്കളത്തിലൂടെ പങ്കുവെയ്ക്കുകയാണ് റിയാദ് ടാക്കീസ്.

പരമ്പരാഗത രീതിയില്‍ തൂശനിലയില്‍ ടാക്കിസ് കുടുംബാംഗങ്ങള്‍ ഒരുക്കിയ ഓണസദ്യയില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ഒരുമയുടെയും സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും മാതൃക സൃഷ്ടിച്ച ഒത്തുചേരല്‍ റിയാദില്‍ ഏറ്റവും കൂടുതല്‍ ആളുകളെ അണിനിരത്തിയ ഓണ സദ്യ കൂടിയായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top