
റിയാദ്: പെട്രോള്‍ പമ്പ് ജീവനക്കാരനായ മലയാളി യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. ആലപ്പുഴ സ്വദേശി അര്‍ജുന് പിടിച്ചുപറിക്കിടെ ഗുരുതരമായി പരിക്കേറ്റു. ജനദ്രിയക്കടുത്ത പെട്രോള്‍ പമ്പിലാണ് സംഭവം. കാറിലെത്തിയ അറബ് വംശജന്‍ അര്‍ജുന്റെ കയ്യില്‍ കടന്ന് പിടിക്കുകയും വാഹനം അതിവേഗം മുന്നോട്ട് എടുക്കുകയും ചെയ്തു. അന്‍പത് മീറ്റര്‍ വാഹനത്തിനൊപ്പം വലിച്ചിഴച്ച് കൊണ്ടുപോയ യുവാവ് പിടിവിട്ട് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ യുവാവ് സുഖംപ്രാപിച്ചുവരുന്നു.

പെട്രോള്‍ അടിക്കാന്‍ വന്ന അറബ് വംശജന്‍ 500 റിയാല്‍ കാണിച്ചു ബാക്കി ആവശ്യപ്പെട്ടു. അര്‍ജുന്‍ കയ്യിലുണ്ടായിരുന്ന നോട്ട് കെട്ടില്‍ നിന്ന് ബാക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടന്നുപിടിക്കുകയും വാഹനം അതിവേഗം മുന്നോട്ടെടുക്കുകയും ചെയ്തു. 50 മീറ്റര്‍ വാഹനത്തിനൊപ്പം വലിച്ചിഴച്ചുകൊണ്ടുപോയ അര്‍ജുന്‍ പിടിവിട്ട് നിലത്ത് വീണു. മുഖത്തും താടിയെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കി. താടിയെല്ലിനും കഴുത്തിലും ശസ്ത്രക്രിയക്കും വിധേയമാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത അര്‍ജുന് 70,000 റിയാലിന്റെചികിത്സയാണ് നല്‍കിയത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ പൊലീസ് പിടികൂടി. അര്‍ജുന് സഹായവുമായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരായ റാഫി പാങ്ങോട്, അരവിന്ദാക്ഷന്‍, ബിജു ഹുസൈന്‍ മങ്ങനാട്, സഫീര്‍ കുന്നിക്കോട് എന്നിവര്‍ രംഗത്തുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
