Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് ‘ഓട്ടോമാറ്റിക് റിന്യൂവല്‍’

റിയാദ്: തൊഴിലാളികള്‍ക്കുളള ലെവി ഇളവിന്റെ കൂടുതല്‍ വിവരങ്ങള്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പുറത്തുവിട്ടു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ തൊഴിലുടമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ഇളവ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി കഴിയുന്ന വിദേശ തൊഴിലാളികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കും. ഇതിന് പ്രത്യേക അപേക്ഷ നല്‍കേണ്ട ആവശ്യമില്ല. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്) ഉപയോഗിക്കുന്ന സോഫ്ട്‌വെയര്‍ ഇഖാമ കാലാവധി കഴിഞ്ഞവരെ കണ്ടെത്തി മൂന്നു മാസത്തേക്ക് സ്വയം പുതുക്കും. 2020 ജൂണ്‍ അവസാനം വരെ വിദേശ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ ഇഖാമ ഫീസ്, ലെവി എന്നിവ ഉള്‍പ്പെടെയുളള മുഴുവന്‍ ഫീസും ഒഴിവാക്കിയാണ് പുതുക്കുന്നത്.

പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്) പുറപ്പെടുവിച്ച വിശദാംശങ്ങളുടെ സംഗ്രഹം ഇപ്രകാരമാണ്:.

  1. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കുമ്പോള്‍ മൂന്നു മാസത്തെ ഫീസ് ഈടാക്കില്ല. 12 മാസത്തെ ഫീസ് അടക്കുമ്പോള്‍ 15 മാസം പുതുക്കി ലഭിക്കും.
  2. നാട്ടിലേക്ക് മടങ്ങാന്‍ റീഎന്‍ട്രി വിസ, ഫൈനല്‍ എക്‌സിറ്റ് വിസ എന്നിവ നേടിയവര്‍ക്ക് ഫൈന്‍, ഫീസ് എന്നിവ ഇല്ലാതെ മൂന്നു മാസത്തേക്ക് പുതിക്കി നല്‍കും. ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്‌ഷെര്‍, മുകീം പോര്‍ട്ടലുകള്‍ സന്ദര്‍ശിക്കണം. ജവസാത്ത് ഓഫീസുകളെ നേരിട്ട് സമീപിക്കേണ്ട ആവശ്യമില്ല. അബ്ഷിര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ തൊഴിലുടമക്ക് പുതുക്കി നല്‍കാന്‍ കഴിയും.
  3. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെ റീഇന്‍ട്രി വിസകളില്‍ രാജ്യത്തിനു പുറത്തു പോയി മടങ്ങി വരാന്‍ കഴിയാത്തവര്‍ക്കു മൂന്ന് മാസത്തേക്ക് റീ എന്‍ട്രി നീട്ടി നല്‍കും. ഇതിനു ഫീസ് ഈടാക്കില്ല.
  4. ഇഖാമ കാലാവധി കഴിയുന്നതിന് മുമ്പ് ഫൈനല്‍ എക്‌സിറ്റ് നേടുകയും നിലവില്‍ ഇഖാമ കാലാവധി കഴിയുകയും ചെയ്തവര്‍ക്ക് മൂന്നു മാസം കൂടി അധികം രാജ്യത്ത് താമസിക്കാന്‍ അനുമതിയുണ്ട്. ഇത്തരക്കാരുടെ എക്‌സിറ്റ് വിസ ഫീസ് ഇല്ലാതെ തൊഴിലുടമകള്‍ക്ക് റദ്ദാക്കാം.
  5. റീ എന്‍ട്രി വിസ, ഫൈനല്‍ എക്‌സിറ്റ് എന്നിവ നേടി രാജ്യം വിടാന്‍ കഴിയാത്തവര്‍ വിസ കാലാവധി കഴിയുന്നതിന് മുമ്പ് റദ്ദാക്കണം. നിശ്ചിത കാലയളവിനകം രാജ്യം വിട്ടില്ലെങ്കില്‍ പിഴ അടക്കണമെന്നാണ് ചട്ടം. പിഴ ഒഴിവാക്കുന്നതിനാണ് ഇത്തരക്കാരുടെ റീ എന്‍ട്രി വിസ, ഫൈനല്‍ എക്‌സിറ്റ് എന്നിവ റദ്ദാക്കണമെന്ന് നിര്‍ദേശിച്ചിട്ടുളളത്.

കൊവിഡ് വൈറസ് പടര്‍ന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും കര അതിര്‍ത്തികളും തുറമുഖങ്ങളും അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തും പുറത്തും കുടുങ്ങിയവരെ സഹായിക്കാനാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പോര്‍ട്ടലുകളായ അബ്ഷിര്‍ അല്ലെങ്കില്‍ മുക്കീം വഴി വിസ റദ്ദാക്കണം. നിയമാനുസൃത പിഴ ഒഴിവാക്കുന്നതിന് ഇതു സഹായിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top