അബഹ: വിനോദ സഞ്ചാരികളുടെ പറുദീസയായ സൗദിയിലെ അസീറില്‍ സന്ദര്‍ശക പ്രവാഹം. ഇവിടുത്തെ ശീത കാലാവസ്ഥയും പ്രകൃതി സൗന്ദര്യവുമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 45 ഡിഗ്രിക്കു മുകളിലാണ് അന്തരീക്ഷ താപം. എന്നാല്‍ അസീറില്‍ 20 ഡിഗ്രിയില്‍ താഴെയാണ് താപ നില. സമുദ്ര നിരപ്പില്‍ നിന്നു 7,450 അടി ഉയരത്തിലാണ് തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീര്‍ പര്‍വ്വത നിരകള്‍. കൊവിഡിനെ തുടര്‍ന്ന് നാലു മാസത്തിലേറെയായി വിനോദ സഞ്ചാരികളുടെ വരവ് നിലച്ചിരുന്നു. രാജ്യത്ത് കൊവിഡ് ഗണ്യമായി കുറഞ്ഞു. ഇതോടെ പെരുന്നാല്‍ അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകാണ് അസീറിന്റെ തലസ്ഥാനമായ അബഹയിയിലെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ അബഹയിലെത്തിയവരെ വരവേറ്റത് കനത്ത മഴയാണ്. വര്‍ഷം 278 മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന പ്രദേശമാണിത്. അല്‍ ഹിജാസ്, ജബല്‍ സൗദ, സറവാത് എന്നീ പര്‍വത നിരകളിലാണ് സന്ദര്‍ശകരെത്തുന്നത്. ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പകല്‍ സമയത്തു പോലും മഞ്ഞു വീശുന്നത് സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാണ്.
പച്ചപ്പരവതാനി വിരിച്ച മലനിരകളും ഇടതൂര്‍ന്ന വനങ്ങളും താഴ്‌വരകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മാത്രമല്ല മലമുകളില്‍ നിന്നു അല്‍ സൗദ ഗ്രാമത്തെ വീക്ഷിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
