Sauditimesonline

SaudiTimes

കര്‍മ്മരംഗത്ത് കാല്‍നൂറ്റാണ്ട്; അബ്ദുല്‍ ഖയ്യൂം ബുസ്താനി വിരമിച്ചു

റിയാദ്: രണ്ടര പതിറ്റാണ്ടു നീണ്ട അധ്യാപനത്തിന് ശേഷം അബ്ദുല്‍ ഖയ്യൂം ബുസ്താനി സര്‍വ്വീസില്‍ നിന്നു വിരമിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. സയ്യിദ് മുഹമ്മദ്ഷൗകത്ത് പര്‍വ്വേസ് ഉപഹാരം സമ്മാനിച്ചു. അപൂര്‍വ പ്രതിഭയും കലാകാരനുമായ ഖയ്യും ബുസ്താനിയുടെ സേവനങ്ങള്‍ പ്രശംസനീയവും മാതൃകാപരവുണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

വൈസ്പ്രിന്‍സിപ്പാള്‍ മീരാ റഹ്മാന്‍ പ്രശംസാപത്രം സമര്‍പ്പിച്ചു. യാത്രയയപ്പിന് ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ് നേതൃത്വം നല്‍കി. അധ്യാപക രക്ഷാകര്‍തൃ സമിതിയിലെ സുപ്രധാന കണ്ണിയാണ് ബുസ്താനി. സാമൂഹ്യ പ്രതിബദ്ധതയോടെ വിദ്യാത്ഥകള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍കരണം നല്‍കിയിരുന്ന മാതൃകാ അധ്യാപകനാണ് വിരമിക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ പറഞ്ഞു.

1995ല്‍ ഫൈന്‍ ആര്‍ട്‌സ് അധ്യാപകനായി റിയാദ് എംബസി സ്‌കൂളില്‍ ചേര്‍ന്ന അദ്ദേഹം കാല്‍നൂറ്റാണ്ട് നീണ്ട സേവനത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രചോദനവുംമാണ്. അദ്ദേഹത്തിന്റെ മികവിന് നിരവധി ബഹുമതികളും നേടിയിട്ടുണ്ട്. 2017ല്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡിന് അര്‍ഹനായി. തുടര്‍ച്ചയായ ഇരുപത് വര്‍ഷം 100 ശതമാനം വിജയം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് സമ്മാനിച്ചതിനായിരുന്നു അവാര്‍ഡ്. അപേക്ഷയും ശുപാര്‍ശയും ഇല്ലാതെ സിബിഎസ്ഇ നേരിട്ട് നോമിനേഷന്‍ നല്‍കി അവാര്‍ഡിന് തെരഞ്ഞെടുത്തത്.

മികച്ച വാഗ്മിയും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്നു റാങ്ക് ജേതാവുമാണ്. നിരവധി ചിത്രകലാ പ്രദര്‍ശനങ്ങള്‍ ഇന്ത്യയിലും പുറത്തും നടത്തിയിട്ടുണ്ട്. അറബിക് കാലിഗ്രഫിയിലും മികവ് തെളിയിച്ചിട്ടുണ്ട്.

2008 ല്‍ റിയാദില്‍ ഇന്ത്യന്‍ എംബസി നേരില്‍ നടത്തിയ പ്രദര്‍ശനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്തോ സൗദി സൗഹൃദത്തിന്റെ നാമധേയത്തില്‍ എംബസിയിലും ഇന്റര്‍കോണ്ടിനന്റിലും നടത്തിയ എക്‌സിബിഷന്‍ റിയാദിലെ വിവിധ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ എന്ന നിലയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍, ലഘുലേഖ, പരിഭാഷാ പ്രസിദ്ധീകങ്ങള്‍ എന്നിവ സൗദി ഇസ്ലാമിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത, സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെയും നിറസാന്നിധ്യമായിരുന്നു. 1995 മുതല്‍ 2006 വരെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി, കോള്‍ ആന്റ് ഗൈഡന്‍സ് ഓഫീസുകളിലെ പ്രബോധകന്‍, റിയാദ് കെ എം സി സി സാരഥി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ഖുര്‍ആന്‍ പഠിക്കുന്നതിന് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ 2000ല്‍ നടപ്പിലാക്കിയ ലേണ്‍ ദി ഖുര്‍ആന്‍ പാഠ്യപദ്ധതിയുടെ മുഖ്യ സാരഥിയാണ്. ഭാര്യ ത്വാഹിറ ഇതേസ്‌കൂളില്‍ അധ്യാപികയാണ്. അമീന്‍ അബ്ദൂല്‍ ഖയ്യും (സാലിഹിയ്യ കമ്പനി, റിയാദ്), അമീര്‍ അബ്ദുല്‍ ഖയ്യൂം (അല്‍ ഹൊഖൈര്‍ ഗ്രൂപ്പ്, റിയാദ്) എന്നിവര്‍ ആണ്‍മക്കളും വിദ്യാര്‍ത്ഥിനികളായ മര്‍യം അബ്ദുല്‍ ഖയ്യൂം മൂമിന അബ്ദുല്‍ ഖയ്യും എന്നിവര്‍ പെണ്‍മക്കളുമാണ്. കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂള്‍, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള നവോദയ സ്‌കൂള്‍ എന്നിവിടങ്ങളിലും അബ്ദുല്‍ ഖയ്യും ബുസ്താനി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top