റിയാദ്: പ്രവാസി ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മലയാളികളുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ചു. സൊസൈറ്റി ഫോര്‍ പ്രവാസി എയ്ഡ് ആന്റ് റിഹാബിലിറ്റേഷന്‍ ഓഫ് കേരളളൈറ്റ്‌സി(സ്പാര്‍ക്)ന്റെ നേതൃത്വത്തില്‍ നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കിടയിലെ ആശങ്കകള്‍ ലഘൂകരിക്കാന്‍ ശ്രമിക്കും. ജാതി, മത ഭേദമന്യേ പ്രവാസം അവസാനിപ്പിച്ച് കേരളത്തിലെത്തുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് ലക്ഷ്യം. സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി ലോക രാജ്യങ്ങളിലുളള പ്രവാസി മലയാളികളെ ഏകോപിപ്പിക്കും. പിന്നീട് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു.
കേരളത്തിന് പുറത്തു ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികള്‍ക്ക് കൂട്ടായ്മയില്‍ അംഗങ്ങളാകാം. നാട്ടില്‍ തിരിച്ചെത്തുന്ന ജോലി ചെയ്യാന്‍ തയ്യാറുളള അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സഹായിക്കും. ലൈഫ് ഇന്‍ഷുറന്‍സ്, തൊഴില്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കും. അംഗങ്ങള്‍ക്കും നിക്ഷേപത്തിലൂടെ വരുമാനം കണ്ടെത്താന്‍ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ സൗകര്യം ഒരുക്കും.
അടിയന്തിര ഘട്ടങ്ങളില്‍ സ്വദേശത്തും വിദേശത്തുമുളള അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹായം എത്തിക്കും. പ്രവാസികളുടെ നൈപുണ്യ ശേഷി പരിഗണിച്ച് ജോലിസാധ്യതകളും സംരംഭങ്ങളും ആരംഭിക്കും. വിദ്യാഭാസം, കൃഷി, ബാങ്കിങ്, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ട്രെയിനിങ് സെന്ററുകള്‍, സര്‍വീസ് മേഖലകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവാസി നിക്ഷേപം സാധ്യമാക്കുകയാണ് ലക്ഷ്യം. പ്രവാസി നിക്ഷേപങ്ങളില്‍ പ്രവാസികള്‍ തന്നെ തൊഴിലാളികളും ഉടമകളുമായിത്തീരുന്ന ആശയമാണ് സ്പാര്‍ക് ലക്ഷ്യം വെക്കുന്നത്.
വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ റിയാദില്‍ നിന്നു സേവ്യര്‍ കടുന്നക്കരി (പ്രസിഡന്റ്), ഷെറിന്‍ ജോസഫ് (സെക്രട്ടറി), യുകെയിലുളള ടോമി ജോര്‍ജ് (വൈസ് പ്രസിഡന്റ്), മുജീബ് റഹ്മാന്‍ റിയാദ്‌ന (ജോയിന്‍ സെക്രട്ടറി), ജോജി മാത്യു റിയാദ് (ട്രഷറര്‍), റിനു തോമസ് യു.കെ (മീഡിയ ഇന്‍ ചാര്‍ജ്) എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.