![](https://sauditimesonline.com/wp-content/uploads/2020/07/mineral.jpg)
റിയാദ്: മിനറല്‍ വാട്ടര്‍ കയറ്റുമതി ചെയ്യാന്‍ സൗദി മന്ത്രി സഭാ യോഗം അനുമതി നല്‍കി. ഉല്‍പ്പാദകര്‍ക്കു ഏഴു ശതമാനം വരെ കയറ്റി അയക്കാനാണ് അനുമതി. പത്തുവര്‍ഷം മുമ്പു നിര്‍ത്തിവെച്ച നടപടിയാണ് പുനരാരംഭിക്കുന്നത്. ഇതു സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി എന്നിവയുടെ അംഗീകാരത്തോടെ കയറ്റുമതി ചെയ്യാനാണ് അനുമതി. കയറ്റുമതി അനുവദിക്കുമെങ്കിലും ജല വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല. രാജ്യത്തിന് ആവശ്യമുളള ജലം ലഭ്യമാണെന്ന് ഉറപ്പു വരുത്തും. അതിന് ശേഷം മാത്രമേ കയറ്റുമതി അനുവദിക്കുകയുളളൂ. ഒരു ലിറ്റര്‍ വരെയുളള ബോട്ടിലുകളില്‍ നിറക്കുന്ന ശുദ്ധജലം കയറ്റി അയക്കാന്‍ മാത്രമാണ് അനുമതിയുളളത്. 330 മില്ലി ലിറ്ററിന്റെ നൂറു ബോട്ടിലുകള്‍ കയറ്റി അയക്കുന്നതിന് ഒന്നേകാല്‍ റിയാലാണ് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്നത്.
കുടിവെളളം, ഐസ് എന്നിവ കയറ്റി അയക്കുന്നത് പത്തു വര്‍ഷം മുമ്പാണ് രാജ്യത്ത് നിരോധിച്ചത്. ടാങ്കര്‍ ലോറികളിലും വലിയ ബോട്ടിലുകളിലും കുടിവെളളം അയല്‍ രാജ്യങ്ങളിലേക്കു കയറ്റി അയക്കാനുളള നിരോധനം തുടരും. ഐസും രാജ്യത്തു നിന്നു കയറ്റി അയക്കാന്‍ അനുമതിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
![](https://sauditimesonline.com/wp-content/uploads/2022/03/BPL-COMFORT-27-03-22.jpg)