റിയാദ്: തലസ്ഥാന നഗരമായ റിയാദിലെ റോഡുകള്‍ അണുവിമുക്തമാക്കിയതായി നഗരസഭ. ശുചീകരണ ജോലികള്‍ വിലയിരുത്തുന്നതിന് അയ്യായിരത്തിലധികം പരിശോധനകള്‍ നടത്തിയതായും നഗരസഭ വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവൃത്തികളും അണുനശീകരണ ജോലികളും നടത്തുന്നുണ്ട്. ഒരാഴ്ചക്കിടെ 4.49 ലക്ഷം ചതുരശ്ര മീറ്റര്‍ റോഡുകള്‍ അണുവിമുക്തമാക്കി. പകര്‍ച്ചവ്യാധി തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അയ്യായിരത്തിലധികം പരിശോധനകളാണ് നടത്തിയത്. റിയാദില്‍ അധിവസിക്കുന്നവരുടെ ആരോഗ്യ സുരക്ഷക്ക് ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുളള 65 കിലോ മീറ്ററിലധികം നടപ്പാത നേരത്തെ അണുവിമുക്തമാക്കിയിരുന്നു. ഇതിനു പുറമെ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികം സ്ഥലങ്ങള്‍ ശുചീകരിക്കുകയും ചെയ്തു.
കൊവിഡ് പ്രതിരോധിക്കുന്നതിനും സാമൂഹിക വ്യാപനം തടയുന്നതനും ആവശ്യമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് റോഡുകള്‍ അണുവിമുക്തമാക്കുന്നത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ബോധവത്ക്കരണവും നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.