റിയാദ്: സൗദിയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2013 മുതല്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ദൃശ്യമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാലു വര്‍ഷത്തിനിടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ രഖേപ്പെടുത്തിയ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ തൊഴില്‍ വിപണിയില്‍ 20.37 ശതമാനമാണ് സ്വദേശികളുടെ സാന്നിധ്യമെന്ന് നാഷണല്‍ എംപ്‌ളോയ്‌മെന്റ് മോണിട്ടറിഗ് കമ്മറ്റി അറിയിച്ചു. സ്വദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ദമ്മാം, ജുബൈല്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലാണ്. ഇവിടെ 24 ശതമാനം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. റിയാദില്‍ 20.72 ശതമാനവും ജിദ്ദയില്‍ 20.46 ശതമാനവും സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്.
ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 83 ശതമാനം സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളിലെ സൗദിയിലെ ഓഫീസുകളില്‍ 70 ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ 52 ശതമാനവും സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഐ ടി, കമ്യൂണിക്കേഷന്‍ രംഗത്ത് 48 ശതമാനം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തവരില്‍ 33 ശതാമനം വനിതകളാണെന്നും നാഷണല്‍ എംപ്‌ളോയ്‌മെന്റ് മോണിട്ടറിഗ് കമ്മറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.