റിയാദ്: ഗാസയിലെ ജനങ്ങളുടെ ദുരിതം കാണാന്‍ കഴിയാത്ത ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നിലപാട് നിരാശാജനകമാണെന്ന് സൗദി അറേബ്യ. കെയ്‌റോ സമാധാന ഉച്ചകോടിയില്‍ വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ് സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീന്‍ ജനതക്ക് നിയമാനുസൃത അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒപ്പം നില്‍ക്കും. ഫലസ്തീന്‍ ജനതയെ കുടിയൊഴിപ്പിക്കാനുളള ശ്രമം അംഗീകരിക്കാനാവില്ല. മാനുഷിക ഇടനാഴി തുറന്ന് ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തിര സഹായം എത്തിക്കണം.
ഫലസ്തീനില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യമാണ്. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും അംഗീകരിക്കാന്‍ ഇസ്രായേല്‍ സന്നദ്ധമാവണം. അതിന് അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ധം ചെലുത്തണം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ബന്ധികളെയും തടവുകാരെയും മോചിപ്പിക്കണം. എന്തു ന്യായീകരണം പറഞ്ഞാണെങ്കിലും ചില രാജ്യങ്ങളുടെ ഇരട്ടത്താപ്പ് അംഗീകരിക്കാന്‍ കഴിയില്ല. അടിയന്തിര പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ മാത്രമല്ല ഗൗരവ ഇടപെടലും ആവശ്യമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.





