
റിയാദ്: യുഎഇ വഴി സൗദിയിലേക്ക് പുറപ്പെടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഒക്‌ടോബര്‍ പകുതിയോടെ ഇന്ത്യ-സൗദി നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളത്തില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന് പ്രവാസികള്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ എത്തി. ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഏഴായിരം രൂപ ചെലവഴിച്ചാല്‍ വിസിറ്റിംഗ് വിസ വേഗം ലഭിക്കുകയും ചെയ്യും. മാത്രമല്ല, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിക്കുന്നതിനും വിലക്കില്ല. ഇതാണ് യുഎഇ വഴി സൗദിയിലെത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. സൗദിയിലേക്ക് ബസുകളില്‍ പുറപ്പെടാന്‍ തയ്യാറെടുത്ത് നിരവധിയാളുകളാണ് ദുബായിലും പരിസര പ്രദേശങ്ങളിലും കഴിയുന്നത്. യുഎഇ വഴി പോകുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ്, മുഖീം പോര്‍ട്ടലില്‍ 72 മണിക്കൂര്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റ് ഔട്ട്, തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തണം.

കേരളത്തില്‍ നിന്ന് യുഎഇയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് 20,000 രൂപയില്‍ താഴെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്. ഭക്ഷണം, താമസം ഉള്‍പ്പെടെ 15 ദിവസത്തിന് 500 ദിര്‍ഹം ഈടാക്കി മലയാളികള്‍ നേതൃത്വം നല്‍കുന്ന നിരവധി സൗകര്യങ്ങള്‍ സാധാരണക്കാരായ പ്രവാസികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ദുബായില്‍ നിന്ന് 300 ദിര്‍ഹമിന് റിയാദ് ഉള്‍പ്പെടെ സൗദിയിലെ പ്രധാന നഗരങ്ങളിലെത്തിച്ചേരാം. ഇങ്ങനെ കേരളത്തില്‍ നിന്ന് സൗദിയിലെത്തുന്നതിന് 40,000 രൂപ മാത്രമാണ് ചെലവ് വരുന്നത്. ക്വാറന്റൈന്‍ പാക്കേജ് നടത്തുന്നവര്‍ എണ്‍പതിനായിരവും ഒരു ലക്ഷവും ഈടാക്കിയിരുന്ന സ്ഥാനത്ത് സ്വന്തമായി പോകുന്നവര്‍ക്ക് പകുതി മാത്രമേ ചെലവ് വരുകയുളളൂവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
അതേസമയം, അടുത്ത ദിവസങ്ങളില്‍ ഇന്ത്യാ-സൗദി നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപിച്ചാല്‍ തന്നെ ഉയര്‍ന്ന വിമാന നിരക്ക് ഈടാക്കാനാണ് സാധ്യത. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ദുബായ് വഴി നേരത്തെ തൊഴിലിടങ്ങളിലെത്താനുളള തയ്യാറെടുപ്പിലാണ് മലയാളികള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.