Sauditimesonline

eid
ഗള്‍ഫില്‍ ബലിപെരുന്നാള്‍ മേയ് 27ന്, അറഫാ സംഗമം 26ന്

ഹരിതനിഴലിലെ പ്രവാസ വസന്തം; കിഴക്കന്‍ പ്രവിശ്യയില്‍ കെഎംസിസി വനിതാ മുന്നേറ്റം

ദമ്മാം: പ്രവാസലോകത്തെ കുടുംബങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ ഇടപെടല്‍ ലക്ഷ്യമാക്കി കിഴക്കന്‍ പ്രവിശ്യ കെഎംസിസി വനിതാ കമ്മിറ്റി രൂപീകരിച്ചു. ഒന്‍പത് സെന്‍ട്രല്‍ കമ്മിറ്റികളില്‍ നിന്നായി തിരഞ്ഞെടുത്ത 18 ഭാരവാഹികള്‍ അടങ്ങുന്ന വനിതാ കമ്മിറ്റിയാണ് നിലവില്‍വന്നത്. റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ സംഗമത്തില്‍ ഈസ്‌റ്റേണ്‍ പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഷബ്‌ന നജീബ് (പ്രസിഡന്റ്), റുഖിയ റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), സുമയ്യ ഫസല്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), നാജിറ ശംസുദ്ധീന്‍ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. സാഫ്രോണ്‍ മുജീബ്, സാജിത നഹ, ഹാജറ സലീം, ഫൗസിയ റഷീദ്, സുലൈഖ ഹുസൈന്‍, ഷാനിബ ഉമ്മര്‍, സുമയ്യ ബീവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഫസ്‌ന മഹമൂദ്, നെജിമോള്‍, ഫസീന ഇഖ്ബാല്‍, സമീഹ സമദ്, സീനത്ത് അഷ്‌റഫ്, സല്‍മ അഫ്‌സല്‍, നജ്‌ല അസ്ഹര്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

കെഎംസിസി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ചെങ്കള വനിതാ സംഗമം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസലോകത്തെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ചേര്‍ത്തുനിര്‍ത്തലുകള്‍ക്കും വനിതാ വിങ് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഷാജി ആലപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവര്‍ത്തന മണ്ഡലത്തിലെ പ്രായോഗിക രീതികള്‍ ഷാഫി മാസ്റ്ററും, വനിതാ കമ്മിറ്റിയുടെ പ്രവര്‍ത്തന രൂപരേഖ പ്രവിശ്യ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് കൊടുവള്ളിയും അവതരിപ്പിച്ചു.

പ്രവിശ്യ വര്‍ക്കിംഗ് പ്രസിഡന്റ് ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, അമീര്‍ അലി കൊയിലാണ്ടി, സൈനു കുമളി, ഇഖ്ബാല്‍ ആനമങ്ങാട്, ഉമ്മര്‍ ഓമശേരി, കെ.പി ഹുസൈന്‍ വേങ്ങര, നജീബ് ചീക്കിലോട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ എന്നിവര്‍ പ്രസംഗിച്ചു. പ്രവിശ്യ കമ്മിറ്റി ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി കെ.പി അബ്ദുസ്സമദ് സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് ഗസ്സാലി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top