
റിയാദ്: ചില്ലയുടെ പ്രതിമാസ വായന പുനരാരംഭിച്ചു. സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടി മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി അഖില്‍ ഫൈസല്‍ ചെന്നൈയില്‍ നിന്ന് തുടക്കം കുറിച്ചു. ഷേക്‌സ്പിയറിന്റെ വിഖ്യാത ക്ലാസിക് ദുരന്തനാടകം ‘ഒഥല്ലൊ’യുടെ വായനാനുഭവം, നാടകത്തില്‍ വിമര്‍ശന വിധേയമാകുന്ന വംശീയത, പക, വിദ്വേഷം, കുടിലത എന്നിവയെല്ലാം അവതാരകന്‍ അവതരിപ്പിച്ചു. ലോക ക്ലാസ്സിക്കുകളിലെ കഥാപാത്രങ്ങളെ പരിശോധിച്ചാല്‍ ഏറ്റവും കടുത്ത കുടിലതയുടെ പ്രതീകമാണ് ഇയാഗോയെന്ന് അഖില്‍ പറഞ്ഞു.

അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ.കെ പ്രകാശം എഴുതി അരനൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച ‘അച്ഛന്റെ മകള്‍’ എന്ന കൃതിയുടെ വായനാനുഭവം കൊല്ലത്തു നിന്ന് അനിത നസീം പങ്കുവച്ചു. ജാതീയമായ വേലിക്കെട്ടുകള്‍ ഭേദിച്ചുകൊണ്ട് വിവാഹം ചെയ്യാനുള്ള മകളുടെ ഇഷ്ടത്തിന് കൂടെ നില്‍ക്കുന്ന അച്ഛനെയാണ് കൃതിയില്‍ കാണുന്നത്. ദരിദ്രനും, ഇതര മതത്തില്‍പെട്ടവനുമായ യുവാവുമായുള്ള വിവാഹത്തിന് സമ്മതം നല്കുന്ന സമ്പന്നനായ പിതാവിന്റെ കഥ പറയുന്ന നോവലിന്റെ കഥാതന്തുവിനെ വര്‍ത്താമാനകാല സാമൂഹ്യ പരിസരവുമായി ബന്ധപ്പെടുത്തി, വിമര്‍ശനപരമായി അനിത അവതരിപ്പിച്ചു.

ഡി സി ബുക്ക്‌സ് സുവര്‍ണ ജൂബിലി നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിയ ശംസുദ്ധീന്‍ കുട്ടോത്ത് എഴുതിയ ഇരിച്ചാല്‍ കാപ്പ് എന്ന നോവലിന്റെ വായനാനുഭവം പങ്കിട്ടത് കൊടുങ്ങല്ലൂരില്‍ നിന്ന് ടി എ ഇഖ്ബാല്‍ ആണ്. കഥകളും ഉപകഥകളുമായി വികസിക്കുന്ന നോവലിലെ അലന്‍ റൂമിയെന്ന നായകന്റെ ജീവിതാന്വേഷണമാണ് നോവല്‍. ഇരിച്ചാല്‍ കാപ്പ് എന്ന ജലരാശിക്ക് ചുറ്റുമുള്ള മനുഷ്യരുടെയും ഇതര ചരാചരങ്ങളുടെയും മനോഹര ആഖ്യാനം ഇക്ബാല്‍ പങ്കുവച്ചുഭ

വായനക്ക് ശേഷം നടന്ന ‘കണ്‍വെഴ്‌സിങ് ഓണ്‍ ദി എസ്‌തെറ്റിക്‌സ് ആന്‍ഡ് എക്‌സ്പീരിയന്‍സ് ഓഫ് ഓണ്‍ലൈന്‍ ആന്‍ഡ് ഓഫ്‌ലൈന്‍ റീഡിങ്’ എന്ന വിഷയത്തിലെ ചര്‍ച്ചക്ക് നൗഷാദ് കോര്‍മത്ത് മഞ്ചേരിയില്‍ നിന്ന് തുടക്കം കുറിച്ചു. ഭാഷയുണ്ടായ കാലം മുതല്‍ എഴുത്തുകാലത്തിനു മുന്‍പുള്ള നീണ്ട വാമൊഴിക്കാലവും, വാമൊഴിയായി വളര്‍ന്നുവന്ന സാഹിത്യവും ഈജിപ്തിലും ചൈനയിലുമായി വികസിച്ച പേപ്പറിന്റെ ഉപയോഗവും അതിലൂടെ വളര്‍ന്നുവന്ന വരമൊഴിയും ചര്‍ച്ചക്ക് ആധാരമായി. വായനരീതിയും, പ്രസിദ്ധീകരണ രീതികളും മാറി.

ഡിജിറ്റല്‍ യുഗത്തിലെ എഴുത്തിന്റെയും വായനയയുടെയും ഗുണവും ദോഷവും നമ്മള്‍ മനസ്സിലാക്കുന്നു. സാങ്കേതികവിദ്യകള്‍ സാഹിത്യത്തെയും ജീവിതത്തെയും എങ്ങനെ മാറ്റിമറിക്കുന്നു എന്ന ചോദ്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. അച്ചടിയില്‍ ഉള്ള വായനയാണ് ഗൗരവമുള്ള ബൗദ്ധിക വ്യായാമത്തിന് കൂടുതല്‍ ഉപകരിക്കുക എന്ന അഭിപ്രായം പൊതുവെ സ്വീകാര്യമായി. ജോണി പനംകുളം, ബീന, സുരേഷ് ലാല്‍, അഖില്‍ ഫൈസല്‍ തുടങ്ങിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എം ഫൈസല്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ചു സംസാരിച്ചു. നൗഷാദ് കോര്‍മത്ത് മോഡറേറ്റര്‍ ആയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.