യുദ്ധം അവസാനിപ്പിക്കണം; ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം: ചിന്ത റിയാദ്

റിയാദ്: ഇസ്രായേല്‍ പലസ്തീനില്‍ യുദ്ധമെന്നപേരില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ‘ചിന്ത റിയാദ്’. യൂഎന്‍ പ്രമേയപ്രകാരം പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമായി അംഗീക്കരിക്കണം. ‘രക്തമൊഴുകുന്ന പലസ്തീന്‍’ എന്ന പേരില്‍ നടത്തിയ ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി ഒരു ജനത മരണത്തിനും ജീവിതത്തിനുമിടയില്‍ ഞെരിഞ്ഞമരുകയാണ്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന പതിനായിരങ്ങള്‍ വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇല്ലാതെ നരകയാതന അനുഭവിക്കുന്നു. പാശ്ചാത്യ ശക്തികള്‍ ഇസ്രായേലിന് പിന്തുണ അര്‍പ്പിക്കുന്ന തിരക്കിലാണ്. ഇസ്രായേലിന് പിന്തുണ അര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതും രാജ്യം ഇന്നുവരെ പിന്തുടര്‍ന്നുവന്ന നിലപാടുകള്‍ക്ക് വിരുദ്ധവുമാണ്. ഓരോദിവസവും കരളലിയിപ്പിക്കുന്ന ചിത്രങ്ങളും വര്‍ത്തകളുമാണ് പലസ്തീനില്‍ നിന്ന് വരുന്നത്. ആശുപത്രികളും സ്‌കൂളുകളും മാധ്യമപ്രവര്‍ത്തകരും ഇസ്രായേല്‍ ആക്രമണത്തിന് ഇരയാവുന്നു.

ആത്യന്തികമായി യുദ്ധം മാനവികതക്കെതിരാണ്. ഹമാസ് നടത്തിയ ആക്രമണത്തേയും പിന്തുണക്കാനാവില്ല. ഇസ്രായേല്‍ ക്രൂരതെക്കതിരെ ലോകം ഒന്നിച്ചു ശബ്ദമുയര്‍ത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വിനോദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ കണ്ണൂര്‍, റാഫി പാങ്ങോട്, ഹരി, സലിം മഹി, ഗഫൂര്‍ കൊയിലാണ്ടി, സലിം ആര്‍ത്തി, ആതിരാ ഗോപന്‍, രവീന്ദ്രന്‍ പയ്യന്നൂര്‍, കുമ്മിള്‍ സുധീര്‍, ആരിഫ്, മനോഹരന്‍, അനില്‍ പിരപ്പന്‍കോട്, നാസ്സര്‍ ഹനീഫ എന്നിവര്‍ സംസാരിച്ചു. ഷൈജു ചെമ്പൂര് കവിത ആലപിച്ചു. ഷൈജു സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.

രാഷ്ട്രീയസാംസ്‌കാരിക സംവാദങ്ങള്‍ക്കായി വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രൂപം നല്‍കിയ സംവാദ വേദി ‘ചിന്ത റിയാദി’ന്റെ പ്രഥമ പരിപാടിയിലാണ് ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്തത്.

 

Leave a Reply