Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ്: കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കണം

റിയാദ്: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം മെയ് 17ന് സൗദി അറേബ്യ പുനരാരംഭിക്കും. എന്നാല്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതോടെ ഇന്ത്യയില്‍ നിന്നുളള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ബഹ്‌റൈന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കിയാണ് ഇന്ത്യയിലുളളവര്‍ ഇപ്പോള്‍ സൗദിയിലെത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ബാധകമല്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ സൗദി പ്രവാസികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണം. ഇതുവഴി ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഇളവ് നേടാന്‍ കഴിയും. കേരള സര്‍ക്കാര്‍ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ നിബന്ധന അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെ വിലക്ക് ബാധകമായ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 21 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇന്ത്യക്ക് പുറത്ത് സൗദിയിലെത്തുന്നതിന് മുമ്പ് ഇടത്താവളത്തില്‍ 14 ദിവസവും സൗദിയിലെത്തിയാല്‍ ഏഴ് ദിവസവും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. മാത്രമല്ല മൂന്ന് ആഴ്ചക്കിടെ 6 തവണ ആര്‍ടി പിസിആര്‍ പരിശോധനക്കും വിധേയമാകണം. കേരളത്തില്‍ നിന്ന് സൗദിയിലെത്താന്‍ ഒരാള്‍ക്ക് ശരാശരി രണ്ടര ലക്ഷത്തിലധികം രൂപ ചിലവ് വരും. അതേസമയം, വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കഴിയുന്ന സൗദി പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

45 വയസില്‍ താഴെയുളളവര്‍ക്ക് കേരളത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്‌ട്രേഷന്‍ പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സൗദിയില്‍ വിസയുളള പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.

ഫൈസര്‍, ആസ്ട്രാ സെനെക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ എന്നീ നാല് വാക്‌സിനുകള്‍ക്കാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കിയിട്ടുളളത്.

ആസ്ട്രാ സെനെക ഇന്ത്യയില്‍ അറിയപ്പെടുന്നത് കോവിഷീല്‍ഡ് എന്നാണ്. ഇന്ത്യയില്‍ കോവിഷീല്‍ഡ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് www.cowin.gov.in എന്ന വെബ് സൈറ്റില്‍ നിന്ന് രജിസ്‌ട്രേഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം, സൗദിയിലെത്തുന്നവര്‍ക്ക് ഇതു ഉപയോഗിച്ച് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ് നേടാന്‍ കഴിയും.

ഇന്ത്യയില്‍ അനുമതിയുളള സ്പുട്‌നിക് അഞ്ചിനും ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിനും സൗദിയില്‍ അംഗീകാരമില്ല. അതുകൊണ്ട് ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദിയിലെത്തിയാല്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം.

മാസങ്ങളായി ജോലി ഇല്ലാതെ കേരളത്തിലുളള പ്രവാസി മലയാളികള്‍ നേപ്പാള്‍, മാല്‍ദ്വീവ്‌സ്, ശ്രീലങ്ക, യുഎഇ, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായതോടെ ഈ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് പ്രവേശനം വിലക്കി. നിലവില്‍ ബഹ്‌റൈന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ വഴി സൗദിയിലെത്താനുളള പാക്കേജുകള്‍ മാത്രമാണ് പ്രവാസികളുടെ മുന്നിലുളളത്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കല്ല നിലവിലുളളത്. നിലവിലെ സാഹിര്യത്തില്‍ നാലംഗ കുടുംബത്തിന് സൗദിയിലെത്താന്‍ 10 ലക്ഷം രൂപയിലധികം ആവശ്യമാണ്. അതുകൊണ്ടുതന്നെ സൗദിയില്‍ വിസയുളള പ്രവിസികള്‍ക്ക് പ്രായഭേദമന്യേ കോവി ഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത് ആശ്വാസം പകരും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top