
റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുളള സ്ഥാപനത്തില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നു. സൗദിയിലേക്ക് വരാന്‍ നിരോധനം ബാധകമല്ലാത്ത രാജ്യങ്ങളില്‍ നിന്നു മെയ് 20 മുതല്‍ എത്തുന്നവര്‍ക്കാണ് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ 13 പ്രവിശ്യകളിലും ലഭ്യമായ ഹോട്ടലുകളുടെ വിവരം ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ചു. (അംഗീകൃത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പട്ടിക: https://cdn.mt.gov.sa/public/licensedAccommodations/integrated.html )
സന്ദര്‍കര്‍ രാജ്യത്ത് പ്രവേശിക്കുന്ന ദിവസവും ഏഴാം ദിവസവും ആര്‍ടി പിസിആര്‍ പരിശോധന നടത്തണം. സന്ദര്‍ശകര്‍ കൊവിഡ് ചികിത്സ ലഭ്യമാകുന്ന ഹെല്‍ത് ഇന്‍ഷുറന്‍ പോളിസി എടുക്കുകണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

സ്വദേശി പൗരന്‍മാര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, അവരോടൊപ്പമുളള ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍, അവരുടെ ആശ്രിത വിസയിലുളളവര്‍, എയര്‍ലൈന്‍ ജീവനക്കാര്‍, ട്രക് ഡ്രൈവര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അനുബന്ധ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കും നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മെയ് 17 പുലര്‍ച്ചെ ഒന്നു മുതല്‍ സൗദി അറേബ്യ അന്താരാഷ്ട്ര വ്യോമ ഗതാഗതം ആരംഭിക്കും. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് രൂക്ഷമായ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് നേരിട്ടു സൗദിയിലെത്താന്‍ കഴിയില്ല. നിലവില്‍ കേരളത്തില്‍ നിന്നുളളവര്‍ ബഹ്‌റൈന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് സൗദിയിലെത്തുന്നത്. എന്നാല്‍ പുതിയ നിബന്ധന അനുസരിച്ച് ഇങ്ങനെ എത്തുന്നവരും സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
