
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലുളളവര്‍ കൊവിഡിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുളള നഗരമാണ് റിയാദ്. വിദേശികളുടെ സാന്നിധ്യവും കൂടുതലാണ്. കൊവിഡ് വ്യാപനത്തില്‍ അതിവേഗം വര്‍ധനവ് രേഖപ്പെടുത്തിയതും റിയാദിലാണ്. ഈ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും കൂടുതല്‍ ജാഗ്രത പാലിക്കണം. മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും വേണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 34,457 എണ്ണം റിയാദിലാണ്. നിലവില്‍ 14,485 പേരാണ് റിയാദില്‍ ചികിത്സയിലുളളത്. റിയാദ് പ്രവിശ്യയില്‍ മാത്രം 98 പേര്‍ മരിക്കുകയും ചെയ്തു. ഇന്ന് 1089 പേര്‍ക്കാണ് തലസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കുടുംബാംഗങ്ങളില്‍ കണ്ടെത്തിയ വൈറസ് സാന്നിധ്യം വീടുകളില്‍ നിന്നു പുറത്തുപോകുന്ന യുവാക്കള്‍ വഴിയാണ് പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജാഗ്രത കൈവിട്ടാല്‍ കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടേണ്ടിവരുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
