റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നോര്‍ക്ക ഹെല്‍പ് ഡെസ്‌കുകള്‍ പബ്‌ളിസിറ്റി മാത്രമാണെന്ന് ഒഐസിസി. കൂടിയാലോചനയില്ലാതെ പ്രവാസി വിരുദ്ധ തീരുമാനങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇതിന്റെ ഉദാഹരണമാണെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ആരോപിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി മലയാളികളെ സഹായിക്കുന്നതിനാണ് നോനക്ക റൂട്‌സ് ഹെല്‍പ് ഡസ്‌കുകള്‍ സ്ഥാപിച്ചത്. ലോക കേരള സഭാ അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ഹെല്‍പ് ഡെസ്‌കുകള്‍. സര്‍ക്കാരിന്റെയും നോര്‍ക്ക റൂട്‌സിന്റെയും ലോഗൊ പതിച്ച് പ്രചാരണം നടത്തിയതല്ലാതെ ഹെല്‍പ് ഡസ്‌കുകള്‍ നോക്കുകുത്തിയാണ്. പ്രവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പോലും സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നില്ലെന്നും അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
ക്വാറന്റൈന് പണം നല്‍കണമെന്നും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും പറയുന്ന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊളളണം. പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിന്‍വലിക്കാനുളള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഒ ഐ സി സി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
