നൗഫല്‍ പാലക്കാടന്‍
റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,289 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 18,811 ആയി ഉയര്‍ന്നു. അഞ്ച് രോഗികകള്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 144 ആയി. ജിദ്ദയിലും മക്കയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജിദ്ദ 294, മക്ക 218, മദീന 202, റിയാദ് 178, ബീഷ 126, ജുബൈല്‍ 107, ഖോബാര്‍ 50, ഹുഫൂഫ് 37, ദമ്മാം 26 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പോസറ്റീവ് കേസുകളുടെ എണ്ണം. മക്കയും മദീനയും ജിദ്ദയും ഉളപ്പടെയുള്ള എല്ലാ നഗരങ്ങളിലും ഫീല്‍ഡ് പരിശോധന തുടരുന്നുണ്ട്.
കര്‍ഫ്യൂ സമയത്തിലെ ഇളവ് ഉപയോഗപ്പെടുത്തി അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന ഉപാദികളാണ് ഉപഭോക്താക്കള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുളളത്. കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടപ്പിക്കും. ഇതിനു രാജ്യത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൈയുറയും ധരിക്കണം. വ്യാപാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പ്രായമായവരും വിവിധ രോഗ മുളളവരും മാളുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. വ്യാപാര കേന്ദ്രങ്ങളിലെ പണമിടപാട് പരമാവധി ഇ പെയ്‌മെന്റ് വഴി നടത്തണം. ടെക്‌സ്‌റ്റൈല്‍സുകളിലെ ട്രയല്‍ റൂം അടച്ചിടണം. വിറ്റ സാധനം മടക്കി എടുക്കരുത്, ഷോപിംഗ് മാളുകളിലെ കസേരകള്‍ ഒഴിവാക്കണം, ഇലക്‌ട്രോണിക് ഡോറുകള്‍ സ്ഥാപിക്കണം, 10 ചതുരശ്ര മീറ്ററില്‍ ഒരു ഉപഭോക്താവ് മാത്രം നില്‍ക്കണം, കാഷ് കൗണ്ടറില്‍ നില്‍ക്കാന്‍ നിശ്ചിത അകലത്തില്‍ സ്റ്റിക്കര്‍ പതിക്കണം എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുളളത്. നിയമ ലംഘനം നടത്തുന്നതു തടയാന്‍ മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.