Sauditimesonline

nowtech
റിയാദില്‍ 'നോടെക്' ശാസ്ത്ര സാങ്കേതിക പ്രദര്‍ശനത്തിനം ഇന്ന്

മലപ്പുറത്തിന്റെ സൗഹാര്‍ദ്ദത്തില്‍ സിപിഎം വിഷം കലര്‍ത്തുന്നു: പ്രവാസി ലീഗ് പ്രസിഡന്റ്

റിയാദ്: താത്കാലിക ലാഭത്തിനും നേട്ടത്തിനും സിപിഎം പുറത്തെടുക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടകരമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ഓര്‍മകളിലെ തങ്ങളും സി എച്ചും’ അനുസ്മരണത്തില്‍ ‘വര്‍ഗീയ വേര്‍തിരിവിന്റെ കേരള രാഷ്ട്രീയം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ സമാധാനവും ഐക്യവുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം. അധികാരം നേടിയെടുക്കുവാന്‍ തരാതരം നിലപാടുകള്‍ മാറ്റുകയും ഭൂരിപക്ഷ ന്യൂനപക്ഷ പ്രീണനങ്ങള്‍ നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ നിലപാട് എല്ലാ കാലത്തും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഭരണപക്ഷത്തുള്ള എംഎല്‍എ കേരള സര്‍ക്കാറിനെതിരെ ഉയര്‍ത്തിവിട്ട വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ മലപ്പുറത്തെയും അവിടെ അതിവസിക്കുന്ന ഭൂരിപക്ഷ ജനതയെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുവാനാണ് ശ്രമിക്കുന്നത്.

മലപ്പുറത്തിന്റെ സൗഹാര്‍ദ്ദ മണ്ണില്‍ വിഷം കലര്‍ത്തി നിലനിപ്പിന് ശ്രമിക്കുന്നതാരായാലും അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദു പത്രത്തില്‍ അഭിമുഖം തരപ്പെടുത്തി മുസ്‌ലിം വിരുദ്ധ പ്രചാരകരായ സംഘപരിവാറിന് ആയുധം നല്‍കിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ആര്‍എസ്എസുമായുള്ള ആഭ്യന്തര വകുപ്പിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ബന്ധം പുറത്ത് കൊണ്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സി എച്ച് മുഹമ്മദ് കോയയുടെയും ഓര്‍മ്മകള്‍ സത്താര്‍ താമരത്ത് സദസ്സുമായി പങ്ക് വെച്ചു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യുപി മുസ്തഫ, മുജീബ് ഉപ്പട, ജലീല്‍ തിരൂര്‍, അസീസ് വെങ്കിട്ട, അബ്ദുറഹ്മാന്‍ ഫറൂഖ്, അഷ്‌റഫ് കല്പകഞ്ചേരി, മാമുക്കോയ തറമ്മല്‍, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, പി സി മജീദ്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, റഫീഖ് മഞ്ചേരി, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, നാസര്‍ മാങ്കാവ്, നജീബ് നല്ലാംങ്കണ്ടി എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ഇരുമ്പുഴി ഖിറാഅത്ത് നിര്‍വ്വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടംനന്ദിപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top