Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

സംഘപരിവാര്‍ വര്‍ഗീയതക്കെതിരെ പൊരുതാന്‍ മികച്ച ആയുധം ഗാന്ധിയന്‍ ആദര്‍ശം

ദമ്മാം: ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭ്യമായ ഏറ്റവും ശക്തമായ ആയുധമാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ പി. ഹരീന്ദ്രനാഥ്. നവയുഗം സാംസ്‌ക്കാരികവേദി, കുടുംബവേദി എന്നിവ ദമ്മാം അല്‍ അബീര്‍ ഹാളില്‍ സംഘടിപ്പിച്ച ‘ഹരീന്ദ്രനാഥ് മാഷിനോപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയെ ഇത്രയധികം മനസ്സിലാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവില്ല. ഇന്നത്തെപ്പോലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളോ, സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന കാലത്ത്, രാജ്യത്തെ ജനതയെ ഒറ്റക്കെട്ടായി സ്വാതന്ത്യ സമരഭൂമിയില്‍ അണി നിര്‍ത്താന്‍ ഗാന്ധിജിയ്ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.

പഠിച്ചാലും പഠിച്ചാലും തീരാത്ത മഹാസമുദ്രമാണ് ഗാന്ധിയുടെ ജീവിതവും ചിന്തകളും. അവയെക്കുറിച്ചു പഠിയ്ക്കാന്‍, അഞ്ചു വര്‍ഷകാലം അധ്യാപകജോലിയില്‍ നിന്നു അവധിയെടുത്തു നടത്തിയ ശ്രമമായിരുന്നു ഹരീന്ദ്രനാഥിന്റെ ഏറ്റവും പുതിയ ഗ്രന്ഥം ‘മഹാത്മാഗാന്ധി കാലവും കര്‍മ്മപഥവും 1869-1915’. അതിന്റെ പകര്‍പ്പ് നവയുഗം വായനവേദി ലൈബ്രറിയിലേക്ക് അദ്ദേഹം സമ്മാനിച്ചു.

നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ അധ്യക്ഷത വഹിച്ചു. കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു സ്വാഗതം പറഞ്ഞു. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ട്രെഷറര്‍ ടി.പി റഷീദ്, കുടുംബവേദി നേതാക്കളായ സുറുമി നസീം, റിയാസ്, മീനു അരുണ്‍, വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി ഹരീന്ദ്രനാഥ് മാഷിനെ പൊന്നാടയണിയിച്ചു ആദരിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം ഹരീന്ദ്ര നാഥ് മാഷിന് കൈമാറി. പരിപാടിയോടനുബന്ധിച്ചു നവയുഗം കലാവേദിയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച വിവിധ സംഗീത, നൃത്ത പരിപാടികളും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top