
തിരുവനന്തപുരം: പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായവര്‍ അംശാദായം അടയ്ക്കുന്നതിലെ വീഴ്ചയാണ് പ്രവാസി പെന്‍ഷന്‍ വിതരണത്തിന് കാലതാമസം നേരിടാന്‍ കാരണമെന്ന് കേരള സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പ്. ക്ഷേമ ബോര്‍ഡിന് പ്രതിമാസം 28 കോടി രൂപ പെന്‍ഷന്‍ വിതരണത്തിന് ചെലവുണ്ട്. എന്നാല്‍ ശരാശരി 12 മുതല്‍ 16 കോടിയാണ് ബോര്‍ഡിന്റെ വരുമാനം. 2025 ആഗസ്ത് മാസത്തെ പെന്‍ഷന്‍ കഴിഞ്ഞ മാസം 26, 27 തീയതികളില്‍ വിതരണം ചെയ്തു. പെന്‍ഷന്‍ വിതരണം കാലതാമസം നേരിടുന്നതിനെതിരെ കേരള പ്രവാസി ലീഗല്‍ സെല്‍ ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ആറു പരാതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് പ്രവാസികാര്യ വകുപ്പിന്റെ വിശദീകരണം.

അംഗത്വ രജിസ്‌ട്രേഷന്‍ ഫീസ്, അംഗങ്ങളുടെ അംശാദായം, പിഴ എന്നിവയാണ് ക്ഷേമ ബോര്‍ഡിന്റെ വരുമാനം. മറ്റു ക്ഷേമനിധി ബോര്‍ഡുകളില്‍ തൊഴിലുടമ വിഹിതം ലഭിക്കുമെങ്കിലും പ്രവാസി ക്ഷേമ ബോര്‍ഡില്‍ അതില്ല. സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിച്ചാണ് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത്.

അംഗങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിനും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനും കാമ്പയിന്‍ നടത്തുന്നുണ്ട്. പെന്‍ഷനും ആനുകൂല്യങ്ങളും തടസ്സം കൂടാതെ നടത്താന്‍ വിവിധ പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും പ്രവാസികാര്യ വകുപ്പ് പ്രവാസി ലീഗല്‍ സെല്‍ ജന. സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന് അയച്ച കത്തില്‍ അറിയിച്ചു.





