Sauditimesonline

1 oicc dammam
ഒഐസിസി 'മികവ്- 2026' വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഇരുഹറം പരിപാലകര്‍ക്ക് ഡിസ്‌കൗണ്ട്; ലുലു-ഹറമൈന്‍ അതോറിറ്റി കരാര്‍

റിയാദ്: മക്ക, മദീന ഇരുഹറം പരിപാലന ജനറല്‍ അതോറിറ്റിയുമായി സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കരാര്‍ ഒപ്പുവെച്ചു. ഇതുപ്രകാരം അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് ലുലു സ്‌റ്റോറുകളില്‍ പ്രത്യേക ഇളവുകള്‍ ലഭിക്കും. ജനറല്‍ അതോറിറ്റി ഷെയേര്‍ഡ് സര്‍വിസസ് സെക്ടര്‍ വൈസ് പ്രസിഡന്റ് അയ്മാന്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജുനെയ്ദിയും ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസുമാണ് കരാറില്‍ ഒപ്പുവെച്ചത്. അതോറിറ്റി ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് പ്രതിനിധികളായ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഹസ്മി, ഹോസം ബിന്‍ വഹീദ് മോര്‍സി എന്നിവര്‍ സംബന്ധിച്ചു.

മക്കയിലെ ലുലു അല്‍ റുസെയ്ഫ ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ജബല്‍ ഒമര്‍, മദീനയിലെ ലുലു അല്‍മനാഖ അടക്കം സൗദിയിലെ മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും അതോറിറ്റി ജീവനക്കാര്‍ക്ക് ഷോപ്പിങ് ഇളവുകള്‍ ലഭ്യമാകും. ഇരു ഹറമുകളിലുമെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സഹായങ്ങള്‍ ഒരുക്കുന്ന അതോറിറ്റി ജീവനക്കാരോടുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് കരാര്‍.
സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ജനറല്‍ അതോറിറ്റിയാണ് ഇരുഹറമുകളുടെ സംരക്ഷണം, ദൈനംദിന പ്രവര്‍ത്തനം, തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ എന്നിവക്ക് മേല്‍നോട്ടം വഹിക്കുന്നത്. അതോറിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റവും ഉന്നത നിലവാരത്തിലുള്ള സേവനങ്ങളാണ് തീര്‍ഥാടകര്‍ക്ക് നല്‍കുന്നത്.

തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണം, ഹറമുകളിലെ ശുചീകരണം, വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഭാഷാ സംബന്ധമായ സഹായം, മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സംവിധാനങ്ങള്‍ ഒരുക്കല്‍, സംസം വെള്ളം വിതരണം, കുട്ടികള്‍ക്ക് കരുതലൊരുക്കല്‍, യാത്ര സംവിധാനങ്ങള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സഹായം നല്‍കുക എന്നിവ ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് ജനറല്‍ അതോറിറ്റി കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വളന്റിയര്‍മാരുടെയും സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ജീവനക്കാര്‍ നിര്‍വഹിക്കുന്നത്.
സൗദിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌റ്റോറുകള്‍ തുറന്ന് ഷോപ്പിങ് സംവിധാനങ്ങള്‍ വിപുലമാക്കാനൊരുങ്ങുകയാണ് ലുലു. മക്കയിലും, മദീനയിലുമായി വൈകാതെ നാല് പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നും ലുലു മാനേജ്‌മെന്റ്അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top