
റിയാദ്: പ്രവാസികള്‍ക്ക് ഇരട്ട നേട്ടം സമ്മാനിക്കുന്ന ‘ഡ്യൂവോ’ പദ്ധതിയുടെ ഉദ്ഘാടനം ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ റിയാദില്‍ നിര്‍വ്വഹിച്ചു. അംഗമാകുന്നവര്‍ക്ക് ഒരേ സമയം ചിട്ടിയുടേയും നിക്ഷേപത്തിന്റേയും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പ്രവാസികളെ ലക്ഷ്യം വെയ്ക്കുന്നതിനാല്‍ പ്രവാസി മലയാളികള്‍ക്ക് ഇരട്ട നേട്ടം നേടാന്‍ കഴിയും. ഇടപാടുകാര്‍ക്ക് സാമ്പത്തിക ആദായത്തിനൊപ്പം കെഎസ്എഫ്ഇയിലെത്തുന്ന പ്രവാസി ചിട്ടി കിഫ്ബി വഴി കേരള സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപകരിക്കും.

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പ്രവാസി മലയാളികളുടെ സാമ്പത്തിക സുരക്ഷിതത്വം, സാമ്പത്തിക നേട്ടം എന്നിയ്ക്കായി 2018ല്‍ ആരംഭിച്ച പദ്ധതിയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ജിസിസി രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ പദ്ധതിയെ ഹൃദ്യമായി സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ പ്രിയപ്പെട്ട സാമ്പത്തിക ഉല്പന്നമായി മാറാന്‍ പദ്ധതിയ്ക്കു കഴിഞ്ഞു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയെ കൂടുതല്‍ പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രിയുടെ നേതൃതത്തില്‍ കെഎസ്എഫ്ഇ പ്രതിനിധി സംഘം റിയാദില്‍ പ്രവാസി മലയളികളുമായി കൂടിക്കാഴ്ചയും നടത്തി.

ചെയര്‍മാന്‍ കെ വരദരാജന്‍, മാനേജിങ്ങ് ഡയറക്ടര്‍ ഡോ എസ് കെ സനില്‍, ഡയറക്ടര്‍ എം സി രാഘവന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒക്ടോബര്‍ 12 വരെ ജിസിസി രാജ്യങ്ങളില്‍ പര്യടനം നടത്തും. സൗദി അറേബ്യയിലെ ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ മന്ത്രിയും സംഘവും പങ്കെടുത്തു. റിയാദ് ഒലയയിലെ ഹോളിഡേ ഇന്‍ അല്‍ ഖസ്‌റില്‍ നടന്ന പരിപാടിയില്‍ റിയാദിലെ സംഘടന പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.