
റിയാദ്: ഈജിപ്ഷ്യന്‍ സയാമിസ് ഇരട്ടകളായ സല്‍മയും സാറയും റിയാദിലെത്തി. ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തുന്നതിനാണ് ഇവരെ റിയാദിലെത്തിച്ചത്. ഇരട്ടകള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും ലഭ്യമാക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പമാണ് സല്‍മയും സാറയും റിയാദിലെത്തിയത് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുടുംബത്തിന് ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്. കുട്ടികളെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് മുന്നോടിയായുളള ആരോഗ്യ പരിശോധനകള്‍ ആരംഭിച്ചു. ശസ്ത്രക്രിയക്ക് മുമ്പുളള സാധ്യതാ പഠനം ആരംഭിച്ചതായും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

സൗദിയില്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന 118ാമത്തെ സയാമിസ് ഇരട്ടകളാണ് സല്‍മയും സാറയും. 22 രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ റിയാദില്‍ സൗജന്യമായി ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച സയാമിസ് ശസ്ത്രക്രിയാ വിഭാഗങ്ങളിലൊന്നാണ് കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷലിസ്റ്റ് ആശുപത്രിയിലുളളത്. കുട്ടികളെ സൗദിയിലെത്തിക്കാനും മികച്ച സ്വീകരണത്തിനും പിതാവ് അബ്ദുല്‍ ഗനി ഹിലാല്‍ ഭരണകൂടത്തിന് നന്ദി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.