നസ്‌റുദ്ദീന്‍ വി ജെ

“സദീഖ്.., കുല്ലു ഹാദാ സവ്വീ മലബാറീ…” റിയാദ് ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടറിലേക്ക് പോകുമ്പോള്‍ തലയെടുപ്പോടെ നില്‍ക്കുന്ന വാട്ടര്‍ ചൈംസ് ചൂണ്ടിക്കാട്ടി അറബ് സുഹൃത്തുക്കളോട് മലയാളികള്‍ പറയുന്നതാണിത്. സൗദിയിലെ ഏറ്റവും വലിയ സ്ട്രക്ചറല്‍ വാട്ടര്‍ ഫൗന്റനാണ് വാട്ടര്‍ ചൈംസ്. അല്‍ ഖൈര്‍ ലേക്‌സ് പാര്‍ക്കിന്റെ എന്‍ട്രന്‍സ് ഗേറ്റും മലയാളി എഞ്ചിനീയര്‍ സൂരജ് പാണയിലിന്റെ നേതൃത്വത്തിലുളള റിയാദ് വില്ല കോണ്‍ട്രാക്ടിംഗ് കമ്പനിയാണ് (Riyadh Villa Contracting Co) നിര്‍മാണം പൂര്‍ത്തിയാക്കിയത്.

സൗദി അറേബ്യ പ്രഖ്യാപിക്കുന്ന വിസ്മയ പദ്ധതികളും അത് നടപ്പിലാക്കാനുളള ആര്‍ജ്ജവവും ലോക ശ്രദ്ധ നേടുകയാണ്. 21.5 ലക്ഷം ചതുരശ്ര കിലോ മീറ്ററാണ് രാജ്യത്തിന്റെ ആകെ വിസ്തൃതി. ഇതില്‍ 93 ശതമാനവും വരണ്ട മരുഭൂ പ്രദേശമാണ്്. അതുകൊണ്ടുതന്നെ ഹരിതവത്ക്കരണവും പ്രകൃതിയെ സംരക്ഷിക്കുന്ന സൗന്ദര്യവത്ക്കരണത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്.

മരുഭൂമിയായതുകൊണ്ടുതന്നെ മലിന ജലം സംസ്‌കരിച്ച് ജലസേചനത്തിന് ഉപയോഗിക്കുകയാണ് പതിവ്. ഈന്തപ്പനകള്‍ക്കും ഇതര കൃഷിയിടങ്ങളിലേക്കും ജലം ഒഴുക്കുന്നത് പ്രത്യേകം നിര്‍മിച്ച കനാലുകള്‍ വഴിയാണ്. ഇത്തരത്തില്‍ തലസ്ഥാനമായ റിയാദിന്റെ ഹൃദയ ഭാഗത്ത് ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടറിന് സമീപം ഒറൂബ റോഡ്-കിംഗ് ഖാലിദ് റോഡ് ഇന്റര്‍സെക്ഷന് സമീപം ഒഴുകുന്ന കനാലിന്റെ ജലസംഭരണിക്കു നടുവിലാണ് അതിശയിപ്പിക്കുന്ന വാട്ടര്‍ ചൈംസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സൗദിയിലെ ഏറ്റവും വലിയ സ്ട്രക്ചറല്‍ വാട്ടര്‍ ഫൗന്റനാണിത്.

റിയാദ് സൗന്ദര്യവത്ക്കരണത്തില്‍ മലയാളികളുടെ കയ്യൊപ്പ് ചാര്‍ത്തിയ നിരവധി പദ്ധതികള്‍ക്കു നേതൃത്വം നല്‍കിയ റിയാദ് വില്ല കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ എഞ്ചിനീയര്‍ സൂരജ് പാണയിലാണ് സ്പാനിഷ് രൂപകല്പന യാഥാര്‍ഥ്യമാക്കിയത്.
വെളളാമ്പല്‍ ചെടിയുടെ തണ്ടില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂവില്‍ നിന്ന് ജലം പ്രവഹിക്കുന്ന ഭാവനയാണ് ആര്‍ക്കിടെക്ട് രൂപം നല്‍കിയിട്ടുളളത്. ജലം, ചെടി തുടങ്ങി പരിസ്ഥിതി സൗഹൃദ അന്തരീക്ഷ പ്രതിഫലിക്കുന്ന രീതിയിലാണ് വാട്ടര്‍ ചൈംസ് (water chimes) നിര്‍മിച്ചതെന്ന് സൂരജ് പാണയില്‍ പറഞ്ഞു.

12 മുതല്‍ 24 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥാപിച്ചിട്ടുളള 4 തണ്ടുകളും അതില്‍ ഘടിപ്പിച്ചിട്ടുളള 10 മീറ്റര്‍ വ്യാസമുളള കൂറ്റന്‍ കപ്പുമാണ് ഇതിന്റെ ആകര്‍ഷണം. കപ്പില്‍ നിന്നു 24 മണിക്കൂറും ജലം പ്രവഹിച്ചുകൊണ്ടേയിരിക്കും. ദിവസം 2.5 ലക്ഷം ലിറ്റര്‍ ജലമാണ് പ്രവഹിക്കുന്നത്. ഇതില്‍ ആറായിരം ലിറ്റര്‍ ജലം ബാഷ്പീകരിച്ച് പോകും.

24 മീറ്റര്‍ ഉയരത്തില്‍ നിന്നു ജലം പ്രവഹിക്കുന്നതുകൊണ്ടുതന്നെ ജലകണങ്ങള്‍ പരിസരങ്ങളില്‍ കുളിര്‍മ പരത്തും. മലിന ജല സംഭരണിക്കു മുകളിലാണ് വാട്ടര്‍ ചൈംസ് സ്ഥാപിച്ചിട്ടുളളതെങ്കിലും ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍ ഇവിടം സന്ദര്‍ശിക്കുന്നവരെ ദോഷകരമായി ബാധിക്കില്ല. നഗരസഭ വിതരണം ചെയ്യുന്ന ശുദ്ധ ജലം പ്രത്യേകം ആര്‍ഒ പ്ലാന്റ് സ്ഥാപിച്ച് കുടിവെളളത്തിന് തുല്യമായി ശുദ്ധീകരിച്ചാണ് വാട്ടര്‍ ഫൗന്റനില്‍ ഉപയോഗിക്കുന്നത്. ഇതിന് ആവശ്യമായ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ജലം സംഭരിക്കുന്നതിന് 6 മീറ്റര്‍ താഴ്ചയും 30 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുളള ഭൂഗര്‍ഭ ടാങ്കും ഇവിടെ സജ്ജീകരിച്ചിട്ടണ്ട്. ജലശുദ്ധീകരണ സംവിധാനം, വാട്ടര്‍ പമ്പിംഗ് സ്‌റ്റേഷന്‍, വിന്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവക്ക് പുറമെ മള്‍ട്ടികളറില്‍ പ്രകാശവിന്യാസത്തിനുളള ഓട്ടോമാറ്റിക് ലൈറ്റിംഗ് കണ്‍ട്രോള്‍, പ്രോഗ്രാം ചെയ്യാവുന്ന ലോജിക് കണ്‍ട്രോളര്‍ പാനല്‍ ബോര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വാട്ടര്‍ ചൈംസ്. ഇതു പാര്‍ക്കായി വികസിപ്പിക്കാനുളള നിര്‍മാണ് പ്രവര്‍ത്തനങ്ങളാണ് ഇതിനു ചുറ്റും പുരോഗമിക്കുന്നത്.

നിര്‍മാണം കടുത്ത വെല്ലുവിളി നിറഞ്ഞതായിരുന്നു. നാല് സെന്റിമീറ്റര്‍ കനവും രണ്ടടി വ്യാസവുളള പൈപ്പാണ് തണ്ടിന്റെ ആകൃതിയില്‍ സ്ഥാപിച്ചിട്ടുളളത്. ശക്തമായ കാറ്റിനെ പ്രതിരോധിച്ച് ഇതില്‍ പത്ത് മീറ്റര്‍ വ്യാസമുളള കപ്പ് സ്ഥാപിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. കൊവിഡ് കാലത്ത് സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് റിയാദ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ (Riyadh Development Authority) പിന്തുണ ലഭിച്ചതുകൊണ്ടുമാത്രമാണെന്ന് പ്രൊജക്ട് എഞ്ചിനീയര്‍ ടി ടി രതീഷ് പറഞ്ഞു.
വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമാണ് അല്‍ ഖൈര്‍ ലേക്‌സ് പാര്‍ക്കിന്റെ എന്‍ട്രന്‍സ് ഗേറ്റ്. ദക്ഷിണ റിയാദിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വികസിക്കന്ന പ്രദേശത്താണ് ആകര്‍ഷകമായ പ്രവേശന കവാടം ഒരുക്കിയിട്ടുളളത്. 400 മീറ്റര്‍ നീളത്തില്‍ റോഡിന്റെ ഇരുവശവും 24 മീറ്റര്‍ ഉയരമുളള 22 ടവറുകളാണ് പ്രവേശന കവാടത്തെ ആകര്‍ഷകമാക്കുന്നത്. എട്ട് മീറ്റര്‍ ത്രികോണത്തില്‍ സ്റ്റീല്‍ സ്ട്രക്ചറും ഫൈബര്‍ സിമന്റ് ബോര്‍ഡും ഉപയോഗിച്ചാണ് കവാടത്തിന്റെ രൂപകല്പന. മരുഭൂമിയുടെ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്ന നിറം ടവറിനെ കൂടുതല്‍ തലയെടുപ്പുളളതാക്കും.
ടവറിനുള്ളില്‍ ഡിജിറ്റല്‍ മള്‍ട്ടിപ്ലക്‌സ് നിയന്ത്രിത പ്രകാശ വിന്യാസമാണ് ഒരുക്കിയിട്ടുളളത്. ആഘോഷ വേളകളിലെ കളര്‍ തീം അനുസരിച്ച് വര്‍ണ പ്രകാശം വിന്യാസിക്കാന്‍ കഴിയുന്നത് രാത്രികാലങ്ങളില്‍ ഇവിടുത്തെ വിസ്മയ കാഴ്ചയാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രകാശ വിന്യാസം ഒരുക്കിയിട്ടുളളത്.

റിയാദ് നഗരത്തില്‍ 10 വര്‍ഷം മുമ്പു ക്ലവര്‍ ലീഫ് എന്ന പേരില്‍ സ്ഥാപിച്ച കൃത്രിമ പുല്‍ത്തകിടി ലോക ശ്രദ്ധ നേടിയിരുന്നു. 1.6 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഇതിനുളളത്. ഇതോടെയാണ് എഞ്ചിനീയര്‍ സൂരജ് പാണയില്‍ സൗദി അധികൃതരുടെ ശ്രദ്ധ നേടിയത്. ഇതോടെ രാജ്യത്ത് നടപ്പിലാക്കുന്ന പല വന്‍കിട പദ്ധതികളുടെയും ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര രംഗത്തെ വന്‍കിട കമ്പനികള്‍ക്ക് നല്‍കുന്ന പല പദ്ധതികളിലും ലാന്റ് സ്‌കേപ് ആര്‍കിടെക്റ്റുമായിബന്ധപ്പെട്ട പ്രവൃത്തികള്‍ സൂരജ് പാണയില്‍ നേതൃത്വം നല്‍കുന്ന റിയാദ് വില്ലയെ പങ്കാളിയാക്കണമെന്ന് റിയാദ് ഡവലപ്‌മെന്റ് അതോറിറ്റി വ്യവസ്ഥ ചെയ്യുന്നത് ഈ കണ്ണൂര്‍കാരന്‍ സൗദി അറേബ്യക്ക് സമ്മാനിച്ച ചരിത്ര സാക്ഷ്യങ്ങളുടെ ഫലമാണ്.
സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി (Vision 2030) പ്രകാരം എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് വിവിധ തന്ത്രങ്ങളാണ് നടപ്പിലാക്കുന്നത്. അതില്‍ പ്രധാനം വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കുക എന്ന ആശയമാണ്. അതിന്റെ ഭാഗമാണ് രാജ്യത്ത് നടപ്പിലാക്കുന്ന സ്‌പോര്‍ട്‌സ് ബോളിവാര്‍ഡ്, കിംഗ് സല്‍മാന്‍ പാര്‍ക്ക്, നിയോം സിറ്റി, റെഡ് സീ പ്രൊജക്ട്, ലൈന്‍ പ്രോജക്ട്, ഖിദ്ദിയ എന്നിവ. ഇതെല്ലാം പൂര്‍ത്തിയാകുന്നതോടെ നേരിട്ടും അല്ലാതെയും നൂറുകണക്കിന് തൊഴില്‍ അവസരം ലഭ്യമാകും. മാത്രമല്ല, അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടവും ഉണ്ടാകും. ഇത് സമ്പദ് ഘടനയെ സഹായിക്കുമെന്നും സൂരജ് പാണയില്‍ വ്യക്തമാക്കി.
വിനോദ സഞ്ചാര മേഖലക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുളള സംസ്ഥാനമാണ് കേരളം. എന്നാല്‍ ഒരു പഞ്ചായത്തില്‍ നിന്ന് മറ്റൊരു പഞ്ചായത്തിലേക്ക് സന്ദര്‍ശകരെ എത്തിക്കാനുളള പദ്ധതികള്‍ മാത്രമാണ് കേരളം സ്വപ്നം കാണുന്നത്. ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇതിന് ഉത്തരവാദികളാണ്. ലോക സഞ്ചാരികളെ കേരളത്തിലെത്തിക്കാന്‍ മനോഭാവത്തില്‍ മാറ്റം വരണം. സൗദി അറേബ്യ പോലുളള രാജ്യങ്ങളിലെ മാറ്റവും വിനോദ സഞ്ചാരത്തിന് നല്‍കുന്ന പ്രാധാന്യവും മനസ്സിലാക്കണമെന്നും സൂരജ് പാണയില്‍ പറഞ്ഞു. ലോക കേരള സഭാ അംഗം, ബോക്‌സിഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡവലപ്‌മെന്റ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍, കേരള സ്‌റ്റേറ്റ് ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ്, കണ്ണൂര്‍ ദയ ട്രസ്റ്റ് ചെയര്‍മാന്‍, സൗദിയിലെ കണ്ണൂര്‍ കൂട്ടായ്മ കിയോസ് ചെയര്‍മാന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തു സജീവമാണ് സൂരജ് പാണയില്‍.
അന്തര്‍ദേശീയ രംഗത്തെ പ്രഗത്ഭ ആര്‍ക്കിടെക്ടുകള്‍, വിദഗ്ദര്‍, എന്നിവരുമായി 30 വര്‍ഷം പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് കേരളത്തിന്റെ നല്ല ഭാവിക്ക് പ്രയോജനപ്പെടുത്താനുളള അവസരത്തിന് കാത്തിരിക്കുകയാണ് സൂരജ് പാണയില്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
